തൊടുപുഴ: ഇന്നലെ പെയ്ത കനത്ത മഴയിൽ തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നഗരസഭ ഓടകളൊക്കെ വൃത്തിയാക്കിയെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന മണക്കാട് ജംഗ്ഷൻ,​ റോട്ടറി ജംഗ്ഷൻ,​ മങ്ങാട്ടുകവ- കാരിക്കോട് റോഡ് എന്നിവിടങ്ങളിൽ ഇന്നലെയും വെള്ളംപൊങ്ങി. മണക്കാട് ജംഗ്ഷനിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആരംഭിച്ച ശക്തമായ മഴയിലാണ് നഗരത്തിൽ വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിൽ നിന്നും പൊതുമരാമത്ത് റോഡിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ കലുങ്കുകളും ഓടകളും പല ഘട്ടങ്ങളിലായി നിർമിച്ചിട്ടുണ്ടെങ്കിലും പുഴയിലേക്കുള്ള ഒഴുക്ക് സുഗമമല്ല. ഇത് മൂലം റോഡിൽ വെള്ളം കുമിഞ്ഞു കൂടിയാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയാണ്.