നെടുങ്കണ്ടം : ഹൈറേഞ്ച് മേഖലയെ ഇരുട്ടിലാക്കി അടിക്കടി വൈദ്യുതി മുടക്കം. വൈദ്യുതി മുടങ്ങുന്നതിന് രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാത്ത സാഹചര്യത്തിലാണ് നെടുങ്കണ്ടം തൂക്കുപാലം മേഖല. വൈദ്യുതിയുടെ തുടർച്ചയായുള്ള വരവും പോക്കും ഇതിനെ ആശ്രയിച്ച് ജോലി ചെയ്യുന്ന മേഖലകളെ പ്രതിസന്ധിയിലാക്കുകയാണ്. ലെയ്ത്ത് വർക്കുകൾ, ഫോട്ടോ സ്റ്റാറ്റ്, ഡിടിപി, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ അടക്കം എല്ലാ മേഖലകളേയും വൈദ്യുതി മുടക്കവും വോൾട്ടേജ് ലഭ്യതക്കുറവും പ്രതികൂലമായി ബാധിച്ചു. അഞ്ച് മിനിറ്റ് കൂടുമ്പോൾ വൈദ്യുതി പോകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. വൈദ്യുതി മുടക്കം മൂലം വലിയ കുടിവെള്ള പദ്ധതികൾ പലതും മുടങ്ങിയിരിക്കുകയാണ്. ഒരു മണിക്കൂറിൽ തുടർച്ചയായി മോട്ടോർ വർക്ക് ചെയ്താൽ മാത്രമേ ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കാൻ സാധിക്കുകയുള്ളൂ. മുൻവർഷങ്ങളിൽ മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ ഉണ്ടായതുപോലെയുള്ള വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു. പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളെ മാത്രം ഒഴിവാക്കി മറ്റ് മേഖലകളിൽ നിന്ന് ഉടൻതന്നെ വൈദ്യതി എത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കായി വൈദ്യതി മുടക്കങ്ങൾ ഉണ്ടാകുമ്പോൾ മൊബൈലിൽ മെസേജ് നൽകിയും മാധ്യമങ്ങൾ വഴിയും പ്രദേശവാസികളെ വൈദ്യതി മുടക്കം അറിഞ്ഞിരുന്നു. എന്നാൽ ഇത്തരം അറിയിപ്പുകൾ നൽകുന്നതിൽ വലിയ വീഴ്ച വൈദ്യുതി വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായുള്ള ആക്ഷേപവും ഉയരുന്നുണ്ട്.