കട്ടപ്പന : ചുരുക്കം ആളുകളിൽ നടത്തുന്ന ശസ്ത്രക്രിയ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.വയറുവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ജാർഖണ്ഡ് സ്വദേശിയായ 23 കാരനാണ് വെള്ളിയാഴ്ച്ച വൈകിട്ട് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന യുവാവാണ് ചെറുകുടലും വൻകുടലും തമ്മിൽ കുരുങ്ങുന്ന അത്യപൂർവ്വ അവസ്ഥയിൽ ആശുപത്രിയിൽ എത്തിയത്.സി.ടി സ്‌കാനിംഗിലൂടെയാണ് ചെറുകുടലുംവൻകുടലും തമ്മിൽ കുരുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇലിയോ സിഗ് മോയിഡ് നോട്ടിംഗ് എന്ന അവസ്ഥയാണ് യുവാവിന് സംഭവിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ ജനറൽ സർജൻ ഡോ. പി പ്രവീൺ പറഞ്ഞു. വൻകുടലും ചെറുകുടലും കുരുങ്ങിയ ഭാഗം നീക്കം ചെയ്യുക മാത്രമാണ് ഏക വഴി.നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.യുവാവ് അപകടനില തരണം ചെയ്‌തെങ്കിലും കുറച്ചു കാലം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുമെന്ന് ഡോ. പ്രവീൺ പറഞ്ഞു.