കട്ടപ്പന : അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പള്ളിക്കവലയിലെ നടപ്പാതയുടെ സ്ലാബ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അധികൃതർക്ക് കൂസലില്ല.സെന്റ് ജോർജ് സ്‌കൂളിന് സമീപത്താണ് ആയിരത്തിന് മുകളിൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന നടപ്പാതയിലെ സ്ലാബ് ഇടിഞ്ഞ് താഴ്ന്നത്. ഫുട്പാത്തിൽ നിരന്തരമായി വാഹനങ്ങൾ കയറ്റുന്നതാണ് സ്ലാബുകൾ തകരാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.സ്ലാബ് തകർന്ന് കിടക്കുന്നത് ശ്രദ്ധിക്കാതെ സഞ്ചരിച്ചാൽ 3 അടിയോളം താഴ്ച്ചയിലേയ്ക്കാണ് വീഴുക.അപകടാവസ്ഥ പല തവണ പൊതുമരാമത്ത് വകുപ്പിൽ അറിയിച്ചെങ്കിലും പരിഹരിക്കാൻ തയ്യാറായിട്ടില്ല.ദീപിക ജംഗ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള ഭാഗത്തെ നടപ്പാത പൂർണ്ണമായും കൈയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യസംഭവമാണ്.ട്രാഫിക് പൊലീസ് സേ്ര്രഫി കോണുകൾ വച്ചിട്ടുണ്ടെങ്കിലും വാഹന ഉടമകൾ ഇവ എടുത്തുമാറ്റിയാണ് നടപ്പാതയിലേയ്ക്ക് വാഹനം കയറ്റി നിർത്തുന്നത്. ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിനാൽ സ്‌കൂൾ വിദ്യാർത്ഥികൾ തിരക്കുള്ള റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ഇത് വലിയ അപകടത്തിന് ഇടയാക്കിയേക്കാം.നടപ്പാതയിലെ അപകടാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് വിദ്യാർത്ഥികളുടെ സാഹസിക യാത്ര ഒഴിവാക്കണമെന്നാണ് സ്‌കൂൾ അധികൃതരും ആവശ്യപ്പെടുന്നത്.