vagaman
വാഗമൺ പൈൻകാട്ടിൽ സഞ്ചാരികളുടെ തിരക്ക്

പീരുമേട്: കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും ഉണരുന്നു. ലോക്ക് ഡൗൺ മൂലം ഏറെക്കാലം പുറത്തിറങ്ങാതിരുന്നവർ ഇപ്പോൾ വാഗമണ്ണിലെ പൈൻകാട്ടിലും മൊട്ടകുന്നുകളിലും പരുന്തൻപാറയിലും പാഞ്ചാലിമേട്ടിലുമെത്തി ആവോളം കാഴ്ചകളാണ് ആസ്വദിക്കുകയാണ്. അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കുറച്ച് ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം ജില്ലയിൽ മിക്ക ദിവസങ്ങളിലും മഴ പെയ്യുന്നുണ്ട്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി,​ വാഗമൺ,​ പരുന്തുംപാറ,​ പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മഴയെയും അവഗണിച്ച് നിരവധിപ്പേരാണെത്തുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ കേരളത്തിൽ നിന്നുള്ലവരെ കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്,​ തെലുങ്കാന,​ കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെത്തി തുടങ്ങി. തേക്കടി ജലാശയത്തിലെ ബോട്ടിംഗിന് ഇത്തവണ ആദ്യമായി ചാർട്ട് ചെയ്ത എല്ലാ ബോട്ടുകളിലും തിരക്ക് അനുഭവപ്പെട്ടു. ഏപ്രിൽ ഒന്നു മുതൽ കുമളിയിൽ ആരംഭിച്ച തേക്കടി പുഷ്പമേള കാണാൻ കേരളത്തിന് പുറത്ത് നിന്നുള്ള വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. കാരവാൻ ടൂറിസത്തിന്റെ വരവോടെ സഞ്ചാരികളുടെ പറുദീസയായി വാഗമൺ മാറി. മാർച്ച് 31ന് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷ അവസാനിച്ചതും വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല. അടുത്ത ആഴ്ച വിഷുവും ഈസ്റ്ററും വരുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കും.

വ്യാപാരമേഖയിലും ഉയിർപ്പ്

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ തകർന്നടിഞ്ഞ വ്യാപാരമേഖലയ്ക്കും ഇത് ഉയിർപ്പിന്റെ കാലമാണ്. വിനോദസഞ്ചാര മേഖലയിലുണ്ടായിട്ടുള്ള ഉണർവ് ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര മേഖലയിലും പ്രതിഫലിച്ചു തുടങ്ങി. ഹോട്ടൽ,​ റസ്റ്റോറന്റ്,​ റിസോർട്ട് വ്യവസായങ്ങളും മെല്ലെ അനക്കംവച്ചു തുടങ്ങി. ടാക്‌സി വാഹനങ്ങൾ ഓടിക്കുന്നവരടക്കം വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ മേഖലയിലുള്ളവരും പ്രതിസന്ധി മറികടന്നു വരികയാണ്.