കട്ടപ്പന: കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ഉദ്ദേശ്യത്തോട് കൂടി ആരംഭിച്ച ഉല്ലാസയാത്ര പദ്ധതിയിലെ ആദ്യ സംഘം അഞ്ചുരുളിയിലെത്തി. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവ്വീസാണ് ജില്ലയിൽ എത്തിയത്. ആദ്യമായിട്ടാണ് അഞ്ചുരുളിയിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇടുക്കി ഡാം, അഞ്ചുരുളി, വാഗമൺ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിച്ചിപ്പിച്ചാണ് കൂത്താട്ടുകുളത്ത് നിന്ന് പുതിയ സർവ്വീസ് ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ആറിന് പുറപ്പെട്ട ഉല്ലാസ യാത്രാ സർവ്വീസ് അനൂപ് ജേക്കബ് എം.എൽ.എയാണ് ഫ്ളാഗ്ഒഫ് ചെയ്തത്. ഉച്ചയോടെ സംഘം ഇടുക്കിയിൽ എത്തി. ഒരു യാത്രികന് 500 രൂപയാണ് യാത്രാ ചിലവ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് എട്ടിന് അവസാനിക്കുന്ന രീതിയിലാണ് കൂത്താട്ടുകുളം ഡിപ്പോ ഉല്ലാസ യാത്ര ക്രമീകരിച്ചിരിക്കുന്നത്. മധ്യവേനൽ അവധിക്കാലത്ത് പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും ഇത്തരം സർവ്വീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നത്.