തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിനോടുള്ള അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജില്ലയിലെ മറ്റ് ടൂറിസം പദ്ധതികൾക്ക് വേണ്ടി തുടർച്ചയായി ഫണ്ടുകൾ അനുവദിക്കുമ്പോഴും മലങ്കര ടൂറിസം ഹബ്ബിനെ അധികൃതർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് ജനങ്ങൾ പറയുന്നു. അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് മോഡൽ എൻട്രൻസ് പ്ലാസ, പക്ഷി സങ്കേതം, അണക്കെട്ടിലെ തുരുത്തിൽ കൃത്രിമമായി സജ്ജമാക്കുന്ന വനം, വിസ്തൃതമായ പാർക്ക്, ആന- കുതിര സൈക്കിൾ സവാരി, പൂന്തോട്ടം, വർണ്ണങ്ങളോടെയുള്ള ലൈറ്റ്‌നിംഗ്, ബോട്ടിംഗ് എന്നിങ്ങനെ വിപുലമായ പദ്ധതികളോടെയാണ് മലങ്കര ടൂറിസം പദ്ധതി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചത്. എന്നാൽ കുട്ടികളുടെ പാർക്ക്, അണക്കെട്ട് സന്ദർശനം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കി 2019 നവംബർ രണ്ടിന് ഹബ്ബ് ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് തുടർ പ്രവർത്തികൾ പൂർണ്ണമായും സ്തംഭിച്ചു. ടൂറിസം, ജലവിഭവ വകുപ്പുകളുടെ സംയുക്ത പദ്ധതിയായതിനാൽ ഇരു വകുപ്പുകൾക്കും പദ്ധതിയോട് ഒരു താത്പര്യവുമില്ല. സംസ്ഥാന ഡാം സുരക്ഷ അതോറിട്ടി ചെയർമാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മലങ്കര സന്ദർശിച്ചപ്പോൾ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് രൂക്ഷമായി വിമർശിച്ചിരുന്നു.
ബോട്ട് സർവീസെങ്കിലും തുടങ്ങുമോ
പദ്ധതിയുടെ തുടക്കത്തിൽ വിഭാവനം ചെയ്ത ബോട്ട് സർവീസെങ്കിലും ആരംഭിച്ചാൽ മുട്ടം, കുടയത്തൂർ, ഇടവെട്ടി പഞ്ചായത്തുകളുടെ വികസനത്തിന് വൻ കുതിപ്പുണ്ടാകും. ആദ്യ ഘട്ടത്തിൽ കോടികൾ മുടക്കിയുള്ള ബോട്ടിങ് ആവശ്യമില്ല. ഹബ്ബിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടികളുടെ പാർക്കിനോട് ചേർന്ന് അണക്കെട്ടിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ 2, 4, 8 എന്നിങ്ങനെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പെഡൽ ബോട്ട് പദ്ധതി നടപ്പിലാക്കാൻ കഴിയും. പെഡൽ ബോട്ടായതിനാൽ മലങ്കര ജലാശയം മലിനമാവുകയുമില്ല.
വിവിധ ഏജൻസികൾ രംഗത്ത്
മലങ്കരയിൽ ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി വിവിധ സഹകരണ ബാങ്കുകളും ചില സംഘടനകളും അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.