നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന് കീഴിലെ കൽക്കൂന്തൽ ശാഖാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഉമാ മഹേശ്വര ശാന്തി സ്തൂപം നാടിന് സമർപ്പിച്ചു. നെടുങ്കണ്ടം കൽകൂന്തലിൽ കുമളി- മൂന്നാർ സംസ്ഥാനപാതയ്ക്ക് സമീപമാണ് ഉമാമഹേശ്വര ശാന്തിസ്തൂപം സ്ഥാപിച്ചിരിക്കുന്നത്. കട്ടപ്പനയിൽ പണി കഴിപ്പിച്ചിട്ടുള്ള ഗുരുദേവ കീർത്തി സ്തംഭം കഴിഞ്ഞാൽ വലിപ്പംകൊണ്ടും നിർമ്മാണചാരുത കൊണ്ടും മനോഹരമായ ഈ ശാന്തി സ്തൂപത്തിന് നാല് നിലകളാണുള്ളത്. ഒന്നാം നിലയിൽ ഉമാ മഹേശ്വരന്റെയും രണ്ടാം നിലയിൽ ശ്രീനാരായണ ഗുരുവിന്റെയും മൂന്നാം നിലയിൽ അയ്യപ്പന്റെയും നാലാം നിലയിൽ ഗണപതിയുടെയും പ്രതിഷ്ഠകളാണുള്ളത്. രാവിലെ ആരംഭിച്ച ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ശാന്തി സ്തൂപം നാടിന് സമർപ്പിച്ചു. ശാഖാ പ്രസിഡന്റ് സി.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, പി.ആർ. പുഷ്പൻ, കെ.എൻ. തങ്കപ്പൻ, ബിജു പുളിയ്ക്കലേടത്ത്, ടി.ആർ. രാജീവ്, സന്തോഷ് വയലിൽ, പി.കെ. ഷാജി, സതീശൻ, ശശി പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.