ഇടുക്കി/ നെടുങ്കണ്ടം: ജില്ലയിലെങ്ങും ക്രൈസ്ത വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു. യേശുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകളുമായി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കാളികളായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനയുടെയും വിശ്വാസ ഒത്തുചേരലിന്റെയും ആഴ്ചയായി ക്രൈസ്തവ സമൂഹത്തിന് ഇത് മാറും. മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന തിരുനാളിന്റെ തിരുക്കർമ്മങ്ങൾ നടന്നു. വിവിധ ദേവാലയങ്ങളിൽ രാവിലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വി. കുർബാന എന്നിവ നടന്നു. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന തിരുനാളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ വികാരി ഫാ. ജെയിംസ് ശൗര്യംകുഴി, ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വികാരി ഫാ. അൽഫോൻസ് പൗവത്ത്, കല്ലാർ മേരിഗിരി ദേവാലയത്തിൽ വികാരി ഫാ. കുരുവിള അഗസ്റ്റിൻ, തൂക്കുപാലം സെന്റ് ആന്റണീസ് ദേവാലയത്തിൽ വികാരി ഫാ. തോമസ് ശൗര്യംകുഴി, മുണ്ടിയെരുമ അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ വികാരി ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, രാമക്കൽമേട് മർത്തമറിയം മലങ്കര കത്തോലിക്കപള്ളിയിൽ ഫാ.വർഗ്ഗീസ് വള്ളിക്കാട്ട്, ചേമ്പളം സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.വർഗ്ഗീസ് കല്ലുമാടിയിൽ, തേർഡ്ക്യാമ്പ് സെന്റ് ജോസഫ് പള്ളിയിൽ ഫാ. വർഗ്ഗീസ് മണിയബ്രയിൽ, എഴുകുംവയൽ നിത്യസഹായ പള്ളിയിൽ വികാരി ഫാ. ജോർജ്ജ് പാട്ടത്തെകുഴി, കോമ്പയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വികാരി ഫാ. പ്രദീപ് വാഴത്തറമലയിൽ എന്നിവർ കാർമികത്വം വഹിച്ചു.