തൊടുപുഴ: ഇന്നലെ അന്തരിച്ച സി.പി.എം നേതാവ് എം.സി. ജോസഫൈൻ ഇടുക്കിയുമായി വളരെയധികം ബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു. 33 വർഷം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചിട്ടുണ്ട് ജോസഫൈൻ. 1984ൽ ഇടതുപക്ഷത്തിന്റെ എം.എം ലോറൻസിൽ നിന്ന് പി.ജെ. കുര്യൻ പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാനാണ് 1989ൽ കോൺഗ്രസിന്റെ പാലാ കെ.എം. മാത്യുവിനെതിരെ സി.പി.എം സ്ഥാനാർത്ഥിയായി ജോസഫൈനെ എൽ.ഡി.എഫ് രംഗത്തിറക്കിയത്. അന്ന് ഓരോ വോട്ടർമാരെയും നേരിൽക്കണ്ടും കൺവെൻഷനുകളിൽ പങ്കെടുത്തും ഊർജ്വസലയായി തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുവസ്ഥാനാർത്ഥിയെക്കുറിച്ച് കെ.കെ. ശിവരാമനടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ഇപ്പോഴും ഓർക്കുന്നു. പരാജയപ്പെട്ടെങ്കിലും ജോസഫൈന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തിരഞ്ഞെടുപ്പായി ഇടുക്കിയിലേത്. 91479 വോട്ടിന്റെ ഭൂരിപക്ഷത്തിന് പാലാ കെ.എം. മാത്യു വിജയിച്ചെങ്കിലും തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന് മുന്നണിയുടെ വോട്ട് വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ ജോസഫൈന് കഴിഞ്ഞു. കെ.എം. മാത്യുവിന് 3,98,516ഉം (53.62ശതമാനം) ജോസഫൈന് 3,07,037 വോട്ടും (41.31) ലഭിച്ചു. ഒമ്പത് സ്വതന്ത്രരടക്കം 15 സ്ഥാനാർത്ഥികളാണ് അന്ന് മത്സരിച്ചത്. 1984ൽ ഇടുക്കിയിൽ ഇടതു സ്ഥാനാർഥിയായിരുന്ന സി.എ. കുര്യന് ലഭിച്ചത് 1,77,432 വോട്ടായിരുന്നു (33.22 ശതമാനം). ഇതാണ് ജോസഫൈൻ മൂന്ന് ലക്ഷത്തിലധികമാക്കിയത്. പിന്നീട് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായും വനിതാ കമ്മിഷൻ അദ്ധ്യക്ഷയായപ്പോഴും ജോസഫൈൻ നിരവധി തവണ ഇടുക്കിയിലെത്തിയിരുന്നു. അപ്പോഴൊക്കെയും തിരഞ്ഞെടുപ്പ് ഓർമകൾ ജോസഫൈൻ പങ്കുവയ്ക്കുമായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഓരോ പ്രവർത്തകനെയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം അവർക്ക് ഇടുക്കിയിലുണ്ടായിരുന്നു.