തൊടുപുഴ: അവധി ദിവസം കളക്ഷനില്ലെന്ന് കാരണം പറഞ്ഞ് സർവ്വീസ് നിർത്തിയ കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ റിക്കാർഡ് കളക്ഷൻ. മൂന്നാർ ഓപ്പറേറ്റിംഗ് സെൻററിൽ നിന്നും സർവ്വീസ് നടത്തുന്ന മൂന്നാർ- കോട്ടയം ലിമിറ്റഡ് സ്റ്റോപ്പ് ബെസിനാണ് കഴിഞ്ഞ രണ്ടാം ശനിയാഴ്ച 14300 രൂപ കളക്ഷൻ ലഭിച്ചത്. പതിവ് ദിവസങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ കളക്ഷനാണ് ബസ് ഓടിക്കാൻ തുടങ്ങിയ ശേഷം ആദ്യ രണ്ടം ശനിയാഴ്ച ലഭിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 13000 രൂപ വരെയാണ് കളക്ഷൻ ലഭിച്ചിരുന്നത്. രണ്ടാം ശനിയാഴ്ചയും, ഞായർ ദിവസങ്ങളിലും ഈ ബസിനെ കാത്ത് വിവിധ സ്റ്റോപ്പുകളിൽ പ്രതീക്ഷയോടെ നിന്ന യാത്രക്കാർ നിരാശരാവുകയായിരുന്നു. പല അവധി ദിവസങ്ങളിലും സർവ്വീസ് അയക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു സംബന്ധിച്ച് കേരള കൗമുദി പ്രസിദ്ധികരിച്ച വാർത്തയെ തുടർന്ന് അധികൃതർ ബസ് പുനരാരംഭിക്കാൻ തിരുമാനിക്കുകയായിരുന്നു. ലാഭകരമായി സർവ്വീസ് നടത്താൻ കഴിയുന്ന റൂട്ടുകളിൽ കളക്ഷൻ ലഭിക്കില്ലന്ന് പേരിൽ സർവ്വീസ് അയക്കാതിരിക്കുന്നത് കെ.എസ്.ആർ.ടി.സി ക്ക് വരുമാനത്തിൽ ഇടിവുണ്ടാവുമെന്ന് ഇതോടെ അധികൃതർക്ക് ബോദ്ധ്യമായി. മൂന്നാറിൽ നിന്നും തൊടുപുഴ വഴി കോട്ടയത്തേക്കും തിരികെ മൂന്നാറിലേക്കും പോകുന്ന ബസ് മുടങ്ങാതെ ഓടിച്ചാൽ യാത്രക്കാരെ ലഭിക്കുമെന്നും,അതു വഴി മികച്ച കളക്ഷൻ കിട്ടുമെന്ന സുചനയാണ് ഇത് നൽകുന്നത്.