തൊടുപുഴ: 'കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി...' കൊവിഡ് ഭീതി ഒഴിഞ്ഞ് വേനൽ മഴയുടെ കുളിരിൽ പുത്തൻ പ്രതീക്ഷകളുമായി ഐശ്വര്യവും സമൃദ്ധിയും വിളിച്ചോതുന്ന

വിഷുവാഘോഷത്തിലേക്ക് കണ്ണുതുറക്കുകയാണ് നാടും നഗരവും. കണികണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമല്ലാതെ മലയാളിക്കെന്ത് വിഷു ആഘോഷം. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊവിഡിൽ മങ്ങിപ്പോയ വിപണി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. അതുപോലെ കൊവിഡ് ഭീതി ഒഴിഞ്ഞതിന്റെ സന്തോഷത്തിൽ ഇത്തവണ വിഷു ഗംഭീര ആഘോഷമാക്കാൻ ജനം എല്ലാം മറന്നിറങ്ങി തുടങ്ങി. അതിന്റെ പ്രതിഫലനം നഗരത്തിലെങ്ങും കണ്ടുതുടങ്ങി. പച്ചക്കറി, പലചരക്ക്, വിഷുകോടി തുടങ്ങിയ വാങ്ങാൻ കടകളിൽ ഇന്നലെ മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ആളില്ലാതിരുന്ന പച്ചക്കറി വിപണിയും വിഷുവായതോടെ ഉഷാറായിത്തുടങ്ങി. വിഷു സ്‌പെഷ്യൽ പലഹാരങ്ങളുമായി ബേക്കറികളും നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു. കണിയുടെ പ്രധാന ഇനമായ കണിവെള്ളരി ഇന്നും നാളെയുമായി വിപണിയിലെത്തും. ഏറെ നാളുകൾക്ക് ശേഷം വിപണി ഉണരുന്നതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ. വിഷു ആഘോഷിക്കാൻ പൊതുഇടങ്ങളിലേക്കെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ റോഡുകളിൽ ഗതാഗത തിരക്കും ഏറി. നാളെ മുതൽ വിപണി പൂർണമായും വിഷുത്തിരക്കിലമരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഇത്തവണ മിന്നിച്ചേക്കണേ

കണി ഉത്പ്പന്നങ്ങൾക്കും പച്ചക്കറികൾക്കും പുറമേ പടക്ക വിപണിയും മെല്ലെ സജീവമായി തുടങ്ങി. വിഷു പടിവാതിൽക്കൽ എത്തിയതോടെ പടക്ക വിപണി സജീവമായി. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങൾക്ക് തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് നിറം മങ്ങിയ പടക്കവിപണി ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

ഈ വിഷുവിനെങ്കിലും കഴിഞ്ഞ സീസണുകളിലെ നഷ്ടം ചെറിയ തോതിലെങ്കിലും നികത്താമെന്ന പ്രതീക്ഷയിലാണ് പടക്ക കച്ചവടക്കാർ. ഒരു വർഷം ഏറ്റവും കൂടുതൽ പടക്കം വിൽക്കുന്നത് വിഷുക്കാലത്താണ്. ശിവകാശിയിൽ നിന്നാണ് ഭൂരിപക്ഷം പടക്കവുമെത്തുന്നത്.

വിഷു വിപണി ലക്ഷ്യമിട്ട് നേരത്തെ തന്നെ ഇത്തവണ ശിവകാശിയിൽ നിന്ന് ജില്ലയിലേക്ക് പടക്കമെത്തിയിട്ടുണ്ട്. അധികം ശബ്ദത്തോടെ പൊട്ടാത്ത പടക്കങ്ങൾക്കും ആകാശത്ത് കളറുകളും നക്ഷത്രങ്ങളും വിരിയിക്കുന്ന പടക്കങ്ങൾക്കുമാണ് ഡിമാൻഡ് കൂടുതൽ.