തൊടുപുഴ : വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറ്റുളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിതരായിട്ടുള്ള 89 പേരെ സ്ഥിരപ്പെടുത്താൻ വകുപ്പ് നടത്തുന്ന രാഷ്ട്രീയനീക്കം ഉടൻ ഉപേക്ഷിക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇടത് സംഘടനയിലെ അംഗങ്ങളെ ഡയറ്റ് ലക്ചറർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനായി വളഞ്ഞ വഴിയിലൂടെ നടത്തുന്ന നീക്കത്തെ കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ശക്തമായി ചെറുക്കും. ഈ സർക്കാർ വിവിധ വകുപ്പുകളിലായി നടത്തുന്ന നിരവധിയായ പിൻവാതിൽ നിയമനങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പിലും ഇത്തരത്തിലുള്ള പിൻവാതിൽ നിയമനനീക്കം നടക്കുന്നത് . ഡയറ്റ് ലക്ചറർ നിയമനത്തിനായുള്ള സ്‌പെഷൽ റൂൾ അനുസരിച്ച് പിഎസ് .സി വഴിയൊ സ്ഥലം മാറ്റം വഴിയൊ മാത്രമേ നിയമനം നടത്താവൂ എന്നത് നിലനിൽക്കെ ഇത്തരത്തിലുള്ള സ്ഥിരപ്പെടുത്തൽ നീക്കം സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിന് വേണ്ടി മാത്രമാണ്.സംസ്ഥാനത്തെ ഡയറ്റുകളിൽ ലക്ചറർ തസ്തികയിൽ 284 ഒഴിവുകൾ നിലവിലുണ്ടായിട്ടും അവ പി എസ് സി ക്ക് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഈ പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങളെ സ്ഥിരപ്പെടുത്താൻ വേണ്ടിയാണ്. ജില്ലാ പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ , സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , ജില്ലാ സെക്രട്ടറി ഷെല്ലി ജോർജ് , ട്രഷറർ ബിജു ജോസഫ് , സി കെ മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു , കെ രാജൻ, എം വി ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.