തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടന ചടങ്ങ് തൊടുപുഴ നഗരസഭാ ചെയർമാൻ ബഹിഷ്‌കരിച്ചത് ദൗർഭാഗ്യകരമാണെന്ന് കൗൺസിലർമാരായ കെ. ദീപക്, അബ്ദുൽ കരീം എന്നിവർ പറഞ്ഞു. സി.പി.എമ്മിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന ചെയർമാൻ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ജനതാത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നത് ഹിതകരമല്ല. ടെർമിനലിന്റെ നിർമ്മാണം മനപ്പൂർവ്വം വൈകിപ്പിച്ച നടപടിയെ ന്യായീകരിക്കുന്നതായി മാത്രമേ ചെയർമാന്റെ പ്രവർത്തിയെ കാണാനാകൂ. തൊടുപുഴ പട്ടണത്തിലെ പൊതു ഗതാഗത സംവിധാനങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരമാണ് ചെയർമാൻ നഷ്ടപ്പെടുത്തിയത്. ബസ് ടെർമിനൽ ഉദ്ഘാടനം ബഹിഷ്‌കരിച്ച ചെയർമാൻ ജനങ്ങളോട് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.