kids

കട്ടപ്പന : പതിവുപോലെ അക്ഷര പഠനവും കളിചിരികളും അല്ല, മാമ്പഴ പുളിശേരിയും കാളനും പത്തും കൂട്ടം കറിയും രണ്ടു തരം പായസവും ചേർന്ന നല്ല ഒന്നാന്തരം വിഷു സദ്യയായിരുന്നുപേഴുംകവല അംഗൻവാടിയിലെ കുരുന്നുകളെ കഴിഞ്ഞ ദിവസം കാത്തിരുന്നത്. വിഷുവും ഈസ്റ്ററും പ്രമാണിച്ച് അംഗൻവാടി ജീവനക്കാരും കുട്ടികളുടെ രക്ഷിതാക്കളും ചേർന്നൊരുക്കിയ വിഷു സദ്യയാണ് കുരുന്നുകൾക്ക് പുതിയ അനുഭവമായത്. 28 കുട്ടികൾ ഉള്ള പേഴുംകവല അംഗൻവാടിയിൽ ഇത്തവണയൊരു സദ്യ ഒരുക്കാൻഅധ്യാപിക എം.ജെ അമ്മിണിക്കും സഹായി സുജാതയ്ക്കും ആഗ്രഹം ഉദിച്ചു. ഈ വിവരം പി.ടി.എ പ്രതിനിധികളോടും മറ്റു രക്ഷിതാക്കളോടും അറിയിച്ചതോടെ മികച്ച പിന്തുണയോടെ രക്ഷിതാക്കളും രംഗത്ത് വന്നു. അങ്ങനെ കുരുന്നുകൾക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കൈനീട്ടവും നൽകി മാതൃകയായിരിക്കുകയാണ് പേഴുംകവല അംഗൻവാടി.കുട്ടികൾക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും സദ്യ ഒരുക്കിയിരുന്നു.ഊണ് കഴിച്ച് കൈനീട്ടവും വാങ്ങി ഏറെ നേരം കളിയുപകരണങ്ങളിൽ കയറിയിറങ്ങി ആർത്തുല്ലസിച്ചാണ് കുരുന്നുകൾ മടങ്ങിയത്.സദ്യയൊരുക്കുന്നതിനും അംഗൻവാടി ജീവനക്കാർക്കും രക്ഷിതാക്കൾക്കുമൊപ്പം വാർഡ് കൗൺസിലർ സിജോമോൻ ജോസും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.