മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കുന്ന മാത്തപ്പാറ പമ്പ് ഹൗസിലെ 75 എച്ച്.പി മോട്ടോറിന്റെ നവീകരണം പുരോഗമിക്കുന്നു. സ്റ്റാർട്ടർ പ്രവർത്തന രഹിതമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ട് 75 എച്ച്.പിയുടെ മോട്ടോർ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. കേടുപാടുകൾ തീർത്ത് പ്രവർത്തന സജ്ജമാക്കുമെങ്കിലും ഇടയ്ക്കിടക്ക് മോട്ടോർ വീണ്ടും പണി മുടക്കുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇതിന്റെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരുന്നു. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതിയ മോട്ടോർ വാങ്ങാൻ തുക അനുവദിച്ചതിനെ തുടർന്ന് പഴയ മോട്ടോർ നവീകരിക്കേണ്ടെന്ന് വാട്ടർ അതോറിറ്റി അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള പുതിയ മോട്ടോറെത്താൻ സാങ്കേതികമായി കാലതാമസം നേരിട്ടു. തുടർന്ന് മുട്ടത്തെ കുടിവെള്ള പ്രശ്നത്തിന് താത്കാലിക പരിഹാരമായി 75 ന്റെ മോട്ടോറിന് പുതിയ സ്റ്റാർട്ടർ സജ്ജമാക്കി വീണ്ടും പ്രവർത്തിപ്പിക്കാനുള്ള പണികൾ പമ്പ് ഹൗസിൽ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ പണികൾ പൂർത്തീകരിച്ച് 75 എച്ച്.പിയുടെ മോട്ടോർ പ്രവർത്തന സജ്ജമാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. എം.എൽ.എ വികസന ഫണ്ടിൽ നിന്നുള്ള പുതിയ മോട്ടോർ നിർമ്മിച്ച് ഗുജറാത്തിലുള്ള കമ്പനി കരാറുകാരന് കൈമാറിയിട്ടുണ്ട്. പുതിയ മോട്ടോർ സ്ഥാപിക്കുന്നതിന് പ്രാഥമിക ജോലികൾ പമ്പ് ഹൗസിൽ സജ്ജമായി. മറ്റ് സാങ്കേതിക പ്രവർത്തികൾ പൂർത്തീകരിച്ച് ഇരുപതാം തിയതിയോടെ പുതിയ മോട്ടോർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വാട്ടർ അതോറിട്ടി. നിലവിൽ മുട്ടം പഞ്ചായത്ത്‌ പ്രദേശത്തേക്ക് 90 എച്ച്.പി, കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശത്തേക്ക് 68 എച്ച്.പി മോട്ടോറുകളിൽ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. 75 എച്ച്.പി മോട്ടോർ പ്രവർത്തന സജ്ജമാവുകയും എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്നുള്ള പുതിയ മോട്ടോർ എത്തുകയും ചെയ്യുന്നതോടെ മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. മാത്തപ്പാറ പമ്പ് ഹൗസിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ച്. പവർ കുറഞ്ഞ വൈദ്യുതി കണക്ഷനാണ് പമ്പ് ഹൗസിൽ നിലവിലുള്ളത്. പവർ കുറഞ്ഞ വൈദ്യുതി കണക്ഷനിൽ പമ്പ് ഹൗസിലെ മൊട്ടോറുകൾ പ്രവർത്തിപ്പിച്ചാൽ മോട്ടോറുകൾ പൂർണ്ണമായും നശിക്കും. പമ്പ് ഹൗസിന്റെ പ്രവർത്തനത്തിന് മാത്രമായി പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും കൂടിയ പവറിലുള്ള കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.