തൊടുപുഴ: രണ്ട് വർഷമായി കൊവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് നഷ്ടമായ വിഷു ആഘോഷം ഇത്തവണ പൊടിപൊടിക്കാൻ ജനം കൂട്ടത്തോടെ ഇറങ്ങിയതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും അനുഭവപ്പെടുന്നത് വൻ തിരക്ക്. വിഷുവിന് ഒരുനാൾ ബാക്കി നിൽക്കെ ആഘോഷം ഉഷാറാക്കാനുള്ള വിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. പഴം പച്ചക്കറി കടകളിലും ബേക്കറികളിലും തുണിക്കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. കണിവയ്ക്കാനുള്ല വിഭവങ്ങളും വിപണിയിൽ സജീവമാണ്. കണിവെള്ളരി രണ്ട് ദിവസം മുമ്പ് മുതൽ മാർക്കറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കണിക്കൊന്ന പൂക്കൾ ഇന്ന് മുതൽ വഴിയോരങ്ങളിലെല്ലാം ലഭിക്കും. ജനത്തിരക്കേറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
മാറ്റമില്ലാതെ പച്ചക്കറി വില
വിഷുവിന് വിഭവ സമൃദ്ധമായ സദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറിയുടെ വില കാര്യമായി ഉയരാത്തതിന്റെ ആശ്വാസത്തിലാണ് ജനം. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് ബീൻസ്, പയർ, വെണ്ടയ്ക്ക, തക്കാളി എന്നിവയ്ക്ക് മാത്രമാണ് വില ഉയർന്നിട്ടുള്ളത്. പയറിനും വള്ളിപയറിനും 40 രൂപയോളം കൂടി. ബീൻസിനും വെണ്ടയ്ക്കയ്ക്കും വില ഇരട്ടിയായപ്പോൾ മുരിങ്ങയ്ക്കായുടെ വില പകുതിയായി കുറഞ്ഞിട്ടുണ്ട്. മറ്റ് ഇനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. തമിഴ്‌നാട്ടിൽ നിന്നാണ് ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറികൾ വരുന്നതിന് തടസമില്ലാതായി. മാത്രമല്ല നേരത്തെ ഓണം ലക്ഷ്യമിട്ട് പൂക്കൃഷി നടത്തിയിരുന്ന തേനി ജില്ലയിലടക്കമുള്ള കർഷകർ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞതും വിലയിടിയാൻ കാരണമായി. കൊവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ട ഭൂരിഭാഗം പേരും കൃഷിയിലേക്ക് തിരിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിരവധി സംഘടനകളും കൃഷിയെ പ്രോത്സാഹിപ്പിച്ചത് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയിലേക്ക് നീങ്ങാൻ സഹായിച്ചു. ഒരു ചെറിയ സദ്യയ്ക്കുള്ള പച്ചക്കറിയെങ്കിലുമില്ലാത്ത വീട് ഇപ്പോൾ ഇല്ലാതായി.
പഴങ്ങൾക്ക് ഡിമാൻഡേറി
നോമ്പ് കാലമായതിനാൽ പഴങ്ങൾക്ക് വിലയേറിയിട്ടുണ്ട്. 50 രൂപയിൽ താഴെയുണ്ടായിരുന്ന ഏത്തയ്ക്കയുടെ വില 60 രൂപയിലെത്തി. പാളയംകോടൻ- 35, ഞാലിപ്പൂവൻ- 60 എന്നിങ്ങനെയാണ് വില.
പച്ചക്കറി വില (കിലോയ്ക്ക്)
പയർ.......................... 70
വള്ളിപയർ........................80
ബീൻസ്.........................80
തക്കാളി.........................50
വെണ്ടയ്ക്ക........................80
പാവയ്ക്ക..........................50
കോവയ്ക്ക....................... 40
കാരറ്റ്..........................50
ബീറ്റ്‌റൂട്ട്........................30
കാബേജ്.......................40
ഉരുളക്കിഴങ്ങ്.................35
ചുവന്നുള്ളി ....................35
സവാള.........................25
മുരിങ്ങ.........................20
കൂർക്ക.........................50
കണിവെള്ളരി..................30
വാഴയ്ക്ക.........................60