
നെടുങ്കണ്ടം: വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന്റെ ഭാഗമായി അതിർത്തി മേഖലകളിൽ സൗര വൈദ്യുതി വേലി സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായി അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ സ്ഥലപരിശോധന നടത്തി. ഗ്രാമപഞ്ചായത്തിന്റെയും റവന്യൂവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. പുഷ്പക്കണ്ടം അണക്കരമെട്ടിൽ 1600 മീറ്ററും തേവാരംമെട്ടിൽ 1000 മീറ്ററും നീളത്തിലാണ് സൗര വൈദ്യുതി വേലി സ്ഥാപിക്കുന്നത്. അണക്കരമെട്ടിലെ ഫെൻസിംഗിനായി 4.90 ലക്ഷം രൂപയും തേവാരംമെട്ടിലെ ഫെൻസിംഗിനായി നാല് ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണത്തിനായുള്ള കരാർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. സൗരവൈദ്യുതി വേലിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൽ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി തമിഴ്‌നാട് വനമേഖലയിൽ നിന്നും കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യജീവികൾ കയറിവന്ന് അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും വീടുകളും തകർത്തിരുന്നു. ഇതേത്തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ ട്രഞ്ച് ഉൾപ്പടെയുള്ള പല സാദ്ധ്യതകളും പരീക്ഷിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് സൗരവൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ എത്തിയത്. സൗരവേലി സ്ഥാപിക്കുന്നതോടെ കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം ഏകദേശം പൂർണമായിത്തന്നെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും. പാറത്തോട് വില്ലേജ് ഓഫീസർ ടി.എ പ്രതീപ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ, വൈസ് പ്രസിഡന്റ് സിജോ നടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാർ, പത്മ അശോകൻ, സൗരവേലി സംരക്ഷണസമിതി പ്രതിനിധികളായ ഷാജി, ടി.ആർ മനോജ്, കരാറുകാരൻ വിദ്യാധരൻ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.