കട്ടപ്പന : ജില്ലയിലെ പ്രധാനപ്പെട്ട വനോദ സഞ്ചാര കേന്ദ്രമായ അഞ്ചുരുളി റോഡിൽ അപകട സാധ്യതകൾ വർധിച്ചു.കക്കാട്ടുകട അഞ്ചുരുളി റോഡിൽ സുമതിക്കടയ്ക്കു സമീപം കനത്ത മഴയെ തുടർന്ന് ചെളി അടിയുന്നത് വാഹന യാത്രികർക്ക് അപകട ഭീഷണിയായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് റോഡിൽ ചെളി നിറഞ്ഞത്. ഇവിടെ വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.വേനൽമഴ ശക്തി പ്രാപിച്ചതോടെയാണ് നൂറുകണക്കിന് വനോദ സഞ്ചാരികൾ ദിവസേന സഞ്ചരിക്കുന്ന അഞ്ചുരുളി റോഡിൽ വൻതോതിൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രികർക്കാണ് ഇതുവഴി സഞ്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്.മഴ വെള്ളത്തിനൊപ്പം ചെളി കൂടി ഒഴുകി എത്തുന്നത് അടുത്തുള്ള കച്ചവടക്കാർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ കടയ്ക്കുള്ളിലും ചെളിവെള്ളം ഇരച്ചെത്തിയ സാഹചര്യമുണ്ടായി. റോഡിൽ അടിഞ്ഞ ചെളി നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കക്കാട്ടുകടയിൽ നിന്ന് അഞ്ചുരുളി റോഡലേയ്ക്ക് പ്രവേശിച്ചാൽ നിരവധി അപകടങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. കൈവരി തകർന്ന പാലവും, റോഡരുകുകളിൽ നിൽക്കുന്ന വൻമരങ്ങളുമാണ് പ്രധാന ഭീഷണി. കഴിഞ്ഞ പ്രളയകാലത്താണ് മലവെള്ള പാച്ചിലിൽ പാലത്തിന്റെ കൈവരി തകർന്നത്.പിന്നീട് ഇവ പുന:സ്ഥാപിച്ചിട്ടുമില്ല. ശക്തമായ മഴ ചെയ്താൽ പാലത്തിനൊപ്പമാണ് തോട്ടിൽ ജലനിരപ്പ് ഉയരുന്നത്.സ്വദേശികളേക്കാൾ കൂടുതൽ വനോദ സഞ്ചാരികളാണ് ഈ പാലം വഴി കടന്നു പോകുന്നത്. ജല നിരപ്പ് ഉയർന്ന് നിൽക്കുമ്പോൾ വ്യക്തമായ ധാരണയില്ലാതെ പാലം കടക്കാൻ ശ്രമിച്ചാൽ അപകടം സംഭവിക്കാം. പൊതുവേ വീതി കുറഞ്ഞ റോഡിൽ നിൽക്കുന്ന കാലപ്പഴക്കമുള്ള വൻ മരങ്ങളാണ് മറ്റൊരു അപകട ഭീഷണി.റോഡിന് വശത്തെ മൺതിട്ടയ്ക്ക് മുകളിൽ നിൽക്കുന്ന മരങ്ങൾ കഴിഞ്ഞ വർഷവും കനത്ത മഴയിൽ കടപുഴകിയിരുന്നു. അപകട ഭീഷണിയായി നിൽക്കുന്ന ഇത്തരം മരങ്ങൾ വെട്ടി നീക്കണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വാങ്ങണം.അവർ അനുമതി നൽകിയെങ്കിൽ മാത്രമേ ഇവ മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കാൻ കഴിയുകയുള്ളു. കാഞ്ചിയാർ പഞ്ചായത്ത് പല വികസന പദ്ധതികൾ ഉൾപ്പെടുത്തി ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും വനം കെ എസ് ഇ ബി വകുപ്പുകളുടെ പുറംതിരിഞ്ഞ സമീപനമാണ് വിലങ്ങുതടി .