പീരുമേട്: പീരുമേട്ടിലെ ജനങ്ങൾക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തൽ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനം പൂർണ്ണതയില്ലെത്തിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
തോട്ടം മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശുപത്രിയുടെ വികസനം ഏറെ പ്രയോജനം ചെയ്യും. മെഡിക്കൽ ബോർഡ് സൗകര്യം, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, പ്രസവ വാർഡ് മുതലായവയുടെ പ്രവർത്തനം മെയ് ആദ്യ ആഴ്ചയിൽ തന്നെ പ്രവർത്തനം ആരംഭിക്കും വിധം പണികൾ അതിവേഗത്തിലാക്കാൻ യോഗത്തിൽ നിർദേശം നൽകി. പ്രസവ വാർഡ് ഇല്ലാതിരുന്നത് ഏറെ പ്രതിസന്ധിയായിരുന്നു. പ്രസവ വാർഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. മെഡിക്കൽ ബോർഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാകും.
ആശുപത്രി വികസനത്തിന് സർക്കാർ അനുവദിച്ച 42 കോടി ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. ആശുപത്രിയുടെ വികസനത്തിന് വേണ്ടി കൂടുതൽ സ്ഥലം വാങ്ങുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. യോഗത്തിൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു, ജില്ലാ വികസന കമ്മീഷ്ണർ അർജുൻ പാണ്ഡ്യൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ്, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനന്ദ് എം, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സുഷമ തുടങ്ങിയവർ പങ്കെടുത്തു.