തൊടുപുഴ: ഇടുക്കിയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിണ്ടിഗൽ- ശബരിമല റെയിൽപാതയ്ക്ക് റെയിൽവേയുടെ പച്ചക്കൊടി. പാതയുടെ സർവേയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. മധുര- എരുമേലി പാതയിൽ ഡിണ്ടിഗൽ മുതൽ എരുമേലി വരെ 201 കിലോമീറ്റർ സർവേ നടത്തുന്നതിനാണ് അനുമതി ലഭിച്ചത്. സാമ്പത്തിക സാമൂഹിക സാധ്യതാ പഠനമുൾപ്പെടെ ഇതോടെ പൂർത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനവും കേന്ദ്രവും പകുതി തുക വീതം ചെലവഴിക്കേണ്ട പദ്ധതിയാണിത്. ഡിണ്ടിഗൽ- കുമളി റെയിൽപാതയെന്നത് വർഷങ്ങളായുള്ല ആവശ്യമാണ്. നെടുങ്കണ്ടം, കട്ടപ്പന, കുമളി, പീരുമേട് പ്രദേശങ്ങളിലെ വിവിധ സംഘടനകളും വ്യക്തികളും നേരത്തെ തന്നെ ഈ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ രണ്ട് മധുര മുതൽ കുമളി വരെ എരുമേലിക്ക് പുതിയ റെയിൽവേ ലൈനിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നിവേദനം നൽകിയിരുന്നു. ഈ റെയിൽവേ ലൈൻ യാഥാർത്ഥ്യമായാൽ ഇടുക്കി ജില്ലയ്ക്കുണ്ടാകുന്ന പുരോഗതിയെ സംബന്ധിച്ച് മന്ത്രിയെ വ്യക്തമായി ധരിപ്പിച്ചിരുന്നു. അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്നും പദ്ധതി പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നതാണെന്ന് എം.പി. പറഞ്ഞു. ജനുവരി 10ന് രേഖാമൂലം നൽകിയ മറുപടിയിലാണ് സർവേയ്ക്ക് അനുമതി നൽകിയ കാര്യം അറിയിച്ചത്. തേനിയിൽ നിന്ന് ഡിണ്ടിഗൽ വഴി പാത നവീകരണം പൂർത്തിയായിട്ടുള്ളതിനാലാണ് ഡിണ്ടിഗൽ മുതൽ സർവ്വേ നടത്തുന്നതിന് തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ മേഖലയിലെ എല്ലാ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും കൂട്ടിച്ചേർത്തുകൊണ്ട് ഈ പദ്ധതിക്കായുള്ള ശക്തമായ ശ്രമം തുടരുമെന്നും എംപി അറിയിച്ചു. ശബരിമല തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
തേനി വരെ ചൂളം വിളിയെത്തി
പീരുമേട്: ഇടുക്കിയുടെ തൊട്ടടുത്തുള്ല തമിഴ്നാട്ടിലെ തേനിവരെ ഇനി ട്രെയിൻ ഓടും. ഇതിന് മന്നോടിയായുള്ള പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി. ആണ്ടിപെട്ടി മുതൽ തേനിവരെയുള്ള 17 കിലോമീറ്റർ ദൂരത്തിലാണ് 120 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ ദിവസം നാല് ബോഗികൾ ഘടിപ്പിച്ച ട്രെയിൻ ഓടിച്ചത്. തേനിയിൽ നിന്ന് ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ ദൂരം പാതയുടെ പണി പൂർത്തിയാകാനുണ്ട്. മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ദൂരം പാത പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തി വിജയിച്ചിരുന്നു. മധുരയിൽ നിന്ന് ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്ററാണുള്ളത്. ഇതിൽ ഇനി 17 കിലോമീറ്റർ പാതയുടെ പണി കൂടി തീർന്നാൽ ഇടുക്കിയുടെ അതിർത്തിയിൽ ട്രെയിൻ എത്തും. മൂന്നാർ, നെടുങ്കണ്ടം, പൂപ്പാറ, കുമളി എന്നിവിടങ്ങളിലുള്ലവർക്കും ഇതിന്റെ ഗുണം ലഭിക്കും. യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം ഏലവും കുരുമുളകും തേയിലയുമടക്കമുള്ല മലഞ്ചരക്ക് ഉത്പന്നങ്ങൾ ഗുഡ്‌സ് ട്രെയ്നിൽ തമിഴ്നാട്ടിലെ മാർക്കറ്റുകളിലെത്തിക്കാനാകും. മധുര- മീനാക്ഷി, പളനി, രാമേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകും. കുമളി വഴിയെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടും. എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ സഞ്ചരിക്കാമെന്നതിനാൽ തേക്കടി, വാഗമൺ, പരുന്തൻപാറ, മൂന്നാർ മേഖലകളിലേക്ക് സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകും. ഇത് പ്രളയത്തിലും കൊവിഡിലും തകർന്ന ജില്ലയിലെ ടൂറിസം, വ്യാപാര മേഖലയ്ക്ക് പുത്തനുണർവേകും.