ഇടുക്കി: ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം എന്ന സ്വപ്‌നം സഫലമാകുന്നു. കോടതി സമുച്ചയ നിർമാണത്തിനായി ഇടുക്കി വില്ലേജിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടു കൊടുക്കാൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിസഭയിൽ ഇതുസംബന്ധിച്ച തീരുമാനമായത്. സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായാണ് ജുഡീഷ്യൽ വകുപ്പിന് സ്ഥലം വിട്ടു നൽകാൻ സർക്കാർ അനുമതി നൽകിയത്. ഇടുക്കി ബാർ അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുൻസിഫ്, മജിസ്‌ട്രേറ്റ് കോടതികൾ, സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയും കുടുംബ കോടതി, കൊമേഴ്‌സ്യൽ കോടതി തുടങ്ങി നിലവിലുള്ളതും പുതിയതുമായ വിവിധ കോടതികൾ ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്ന കോടതി സമുച്ചയത്തിൽ എത്തുന്നത് ഹൈറേഞ്ചിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.