മൂലമറ്റം: ജനത്തിന്റെ യാത്രാ ദുരിതത്തിന് പരിഹാരമായി അറക്കുളം പഞ്ചായത്തിലെ മലമ്പ്രദേശമായ ജലന്ദറിലേക്കുള്ള റോഡ് ലക്ഷങ്ങൾ ചിലവിട്ട് ടാറിങ് നടത്തിയെങ്കിലും ഇവിടേക്ക് ബസ് സർവീസ് ഇല്ലാത്തത് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നു. മേഖലയിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിലച്ചിട്ട് മാസങ്ങളായി. റോഡ് തകർന്നതോടെയാണ് ബസ് സർവീസ് അവസാനിച്ചത്. ദിവസം രണ്ടുതവണയാണ് സർവീസ് നടത്തിയിരുന്നത്. കർഷകരും കൂലിപ്പണിക്കാരുമാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. രാവിലെയും വൈകിട്ടുമായി നടത്തിവന്ന സർവീസുകൾ തൊഴിലാളികൾക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പ്രയോജനമായിരുന്നു. റോഡ് തകർന്ന് ബസ് സർവീസ് നിറുത്തിയതോടെ ജനങ്ങൾ ട്രിപ്പ് ജീപ്പുകളെയും ഓട്ടോറിക്ഷകളെയുമാണ് ആശ്രയിച്ചിരുന്നത്. ജനത്തിന് ഇത്‌ ഇരട്ടി ചിലവുമായിരുന്നു. എന്നാൽ ബസ് സർവീസ് പുനഃസ്ഥാപിക്കാൻ അധികൃതർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.