കട്ടപ്പന: വഴിതെറ്റി എത്തിയ കുറച്ച് ആളുകളായിരുന്നു ഇന്നലെ രാവിലെ കട്ടപ്പനയിലെ സംസാര വിഷയം. പൊലീസ് സ്റ്റേഷനിൽ വരെ ഇവരെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു. ഒടുവിൽ മരങ്ങളും മതിലുകളും ചാടിക്കടന്ന് വിരുതൻമാർ എങ്ങോട്ടോ മാഞ്ഞപ്പോഴാണ് തിരക്കിട്ട ചർച്ചകൾ അവസാനിച്ചത്. ഈ പറഞ്ഞു വരുന്നത് ദിശ തെറ്റിയെത്തിയ വിനോദ സഞ്ചാരികളുടെ കദന കഥയല്ല. കാടും മലയും താണ്ടിയെത്തിയ വാനരപ്പടയുടെ സാഹസിക യാത്രയെക്കുറിച്ചാണ്.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കട്ടപ്പന ഡിവൈ.എസ്.പി ഓഫീസ് പരിസരത്തും സമീപത്തെ പള്ളിമുറ്റത്തുമായി അഞ്ചോളം കുരങ്ങൻമാർ എത്തിയത്. പരിചിതമല്ലാത്ത വാഹന ശബ്ദങ്ങളും മറ്റും കേട്ട് വാനരന്മാർ വിരണ്ടെങ്കിലും പിന്നീട് ഇതൊന്നും കൂസാതെ മരങ്ങളിൽ ചാടിക്കയറിയും കേബിളുകളിൽ തൂങ്ങിക്കിടന്നും വിരുതൻമാർ തനി സ്വഭാവം കാണിച്ചു തുടങ്ങി. ഇതോടെ നാട്ടുകാരുടെ കൗതുകം ആശങ്കയായി മാറി. കടകളിൽ കയറുമോ എന്നും വഴിയെ പോകുന്നവരെ ആക്രമിക്കുമോയെന്നുമായി പേടി. എന്നാൽ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല, കാണാക്കാഴ്ചകളും ആസ്വദിച്ച് കൈയ്യിൽ കിട്ടിയ വിഭവങ്ങളും അകത്താക്കി മരങ്ങൾ ചാടിക്കടന്ന് വാനരപ്പട മണിക്കൂറുകൾക്കുള്ളിൽ നഗരം വിട്ടു.