നെടുങ്കണ്ടം: പഞ്ചായത്ത് യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. ജില്ലയിലെ സർക്കാർ പ്രീപ്രൈമറി വിഭാഗങ്ങളെ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുന്നതിനുവേണ്ടി സമഗ്ര ശിക്ഷാ കേരളാ പദ്ധതിയുടെ ഭാഗമായാണ് ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള മാതൃകാ പ്രീപ്രൈമറി സ്‌കൂളാക്കാൻ തീരുമാനിച്ചത്. നെടുങ്കണ്ടം ഉപജില്ലയിലെ നാൽപതോളം സ്‌കൂളുകളിൽ നിന്നാണ് പഞ്ചായത്ത് യു.പി സ്‌കൂളിനെ തിരഞ്ഞെടുത്തത്. മികച്ച വിദ്യാലയ അന്തരീക്ഷവും മെച്ചപ്പെട്ട പഠന നിലവാരവും പുലർത്തുന്ന സ്‌കൂളിൽ നിരവധി കുട്ടികൾ എല്ലാ വർഷവും പ്രവേശനം തേടുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മാതൃകാ വിദ്യാലയമാക്കാൻ തീരുമാനിച്ചത്. ഇതിനായി 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പ്രീപ്രൈമറിയുടെ ബാഹ്യവും ആന്തരികവുമായ ഘടനയെ കുട്ടികളുടെ സമഗ്രമായ വികാസത്തിനായി ആധുനിക രീതിയിൽ നവീകരിക്കും. സ്‌കൂളിൽ എല്ലാ സൗകര്യങ്ങളോട് കൂടിയ പാർക്ക്, വായനാ, സംഗീതം, അഭിനയം, ചിത്രകലാ, നിർമാണം, ഗണിതം, ശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കും. കുട്ടികൾക്ക് ഇവിടെയെത്തി അവരുടെ അഭിരുചിക്കൊത്ത പ്രവൃത്തികളിൽ ഏർപ്പെടാം. കുട്ടികളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ച ഇതിലൂടെ ലക്ഷ്യമിടുന്നു. ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വേണ്ടിയുള്ള വെൽനെസ് പാർക്കിൽ കുട്ടികൾക്ക് ചിരിക്കാനും ചിന്തിക്കാനും കളിക്കാനുമുള്ള ഇടങ്ങൾ വിശാലമായി സജ്ജീകരിക്കും. ക്ലാസ് മുറികൾ വിവിധ ചിത്രങ്ങളും വർണ്ണങ്ങളും നൽകി മനോഹരമാക്കുമെന്നും ഹെഡ്മാസ്റ്റർ സിബി പോൾ പറഞ്ഞു.