accident
ഇളംദേശത്ത് ബസും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം

ഇളംദേശം: ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇളംദേശം മുറിയത്തോട് പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ പൂമാല സ്വദേശി എ.സി. രാജനെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ നിന്നും വന്ന എംപീസ് ബസും പൂമാല ഭാഗത്ത് നിന്നുമെത്തിയ ടിപ്പറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ വളവോട് കൂടിയ ഭാഗത്തെ കലുങ്കിന് മുകളിൽ വച്ചായിരുന്നു അപകടം. ടിപ്പറിന്റെ മുൻഭാഗം തകർന്നു. ബസ് കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചാണ് നിന്നത്. നിറയെ യാത്രക്കാരുമായെത്തിയ ബസ് തോട്ടിലേക്ക് പതിച്ചിരുന്നെങ്കിൽ വൻ അപകടമുണ്ടായേനെയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മഴയെ തുടർന്ന് നനഞ്ഞ് കിടന്ന റോഡിൽ ബ്രേക്കിട്ടപ്പോൾ വാഹനങ്ങൾ നിൽക്കാതെ വന്നതാണ് അപകടകാരണം. ഓടിയെത്തിയ നാട്ടുകാരാണ് ടിപ്പറിന്റെ കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ രാജനെ പുറത്തെടുത്തത്. കൈയ്യിലും കാലിലും തലയിലും സാരമായി പരിക്കേറ്റ രാജനെ അതുവഴി വന്ന വാഹനത്തിൽ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ വാഹനത്തിരക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഏതാനും സമയത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.