കരിമണ്ണൂർ: തൊടുപുഴ -കിമണ്ണൂർ റൂട്ടിൽ വൈകിട്ട് ബസ്സുകൾ സർവ്വീസ് നടത്താത്ത് പ്രദേശവാസികളെ കഷ്ടത്തിലാക്കുന്നു. വൈകിട്ട് 5.15 ന് ശേഷം ഉണ്ടായിരുന്ന കെ എസ് ആർ ടി സി ,സ്വകാര്യ ബസ് സർവ്വീസുകൾ പൂർണ്ണമായും നിലച്ച അവസ്ഥയാണുളളത്. തൊമ്മൻകുത്ത് മുളപ്പുറം മേഖലയിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി വലക്കുന്നത്.തൊമ്മൻകുത്ത് വണ്ണപ്പുറം മുവാറ്റുപുഴവഴി എറണാകുളത്തിന് രാവിലെ 6.30 ന് സർവ്വീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസ് നിലച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. യാത്രക്കാർ സംഘടിച്ച് ഒപ്പിട്ട് നിവേദനം ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയിട്ടും നടപടിയായില്ല. ഞായറാഴ്ച ദിവസങ്ങളിൽ വണ്ണപ്പുറം തൊമ്മൻകുത്ത് റൂട്ടിൽ ബസുകൾ പൂർണ്ണമായും സർവ്വീസുകൾ നിർത്തി വെക്കുന്ന സാഹചര്യവുമാണ്. ആദ്യകാലങ്ങളിൽ കെ എസ് ആർ ടി സി സർവീസ് നടത്തിയിരുന്നുവെങ്കിലും അതും മുടങ്ങിക്കിടക്കുകയാണ്. അടിയന്തരമായി ഈ റൂട്ടിൽ കെ .എസ് .ആർ. ടി സി സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം വൈകിട്ട് 5.15ന് ശേഷവും രാത്രി സമയങ്ങളിലും വണ്ണപ്പുറം തൊമ്മൻകുത്ത് കരിമണ്ണൂർ റൂട്ടിൽ ബസ്സിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന അനേകം യാത്രക്കാരുമുണ്ട്. അമിത കൂലി നൽകി ഓട്ടോ റിക്ഷകളെ ആശ്രയിക്കുന്ന അവസ്ഥക്ക് പരിഹാരം കാണാൻ പി .ജെ ജോസഫ് എം എൽ എ, ഗതാഗത മന്ത്രി ആന്റണി രാജു, ഡീൻ കുര്യാക്കോസ് എം. പി എന്നിവർ അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.