മൂലമറ്റം: മഴ പെയ്താൽ തോട്ടിലൂടെ ഇരച്ചെത്തുന്ന മഴ വെള്ളത്തിൽ വീടും താനും ഒഴുകിപ്പോകുമോ എന്ന ഭയത്തോടെയാണ് മൂലമറ്റം മൂന്നുങ്കവയൽ കളത്തുക്കുഴിയിൽ മേരി(70) ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത്. മഴ പെയ്യുമെന്ന്
തോന്നിയാൽ അപ്പോൾ തന്നെ മേരി അയൽവാസിയായ പറത്തറയിൽ ഗോപാലന്റെ വീട്ടിലേക്ക് പായും. മേരിയെ കണ്ടില്ലെങ്കിൽ ഗോപാലന്റെ കുടുംബക്കാർ മേരിയുടെ വീട്ടിൽ എത്തി ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് പോകും. വീടിന്റെ സംരക്ഷണത്തിനായി പണിതിരുന്ന ഭിത്തി ഒക്ടോബറിലെ മഹാപ്രളയത്തി
ലാണ് മലവെള്ളം കൊണ്ടുപോയത്. ഇപ്പോൾ ചെറിയ
മഴപെയ്താൽ പോലും മഴ വെള്ളം വീട്ടിലേക്ക് ഇരച്ച് കയറും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീട്ടിലേക്ക് വെള്ളം ഇരച്ച് കയറി. വെള്ളത്തിന്റെ ഇരമ്പൽ കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് മേരിപറയുന്നു .
ഭർത്താവ് ഒമ്പത് വർഷം മുമ്പ് മരിച്ചു. സഹായത്തിന് മേരിക്ക് വീട്ടിൽ മറ്റാരുമില്ല. തനിച്ചാണ് താമസം. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് വരെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല. സ്വന്തമായി നാല് സെന്റ് സ്ഥലമുണ്ട്. സർക്കാരിന്റെ പെൻഷൻ ആശ്രയിച്ചാണ്
ജീവിതം. മകനും രണ്ട് പെൺമക്കളുമുണ്ടെങ്കിലും അവർക്ക് സഹായിക്കാൻ കഴിയുന്ന സാഹചര്യവുമില്ല. പ്രളയത്തിൽ നഷ്ടപരിഹാരം ലഭിക്കുമ്പോൾ സംരക്ഷണഭിത്തി നിർമിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ
റവന്യൂ സംഘം അന്വേഷണം നടത്തിപ്പോയതല്ലാതെ സർക്കാരിന്റെ ധനസഹായമൊന്നും ലഭിച്ചിട്ടില്ല.