pay

കട്ടപ്പന : നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കാക്കി മാറ്റാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എൽ ഡി എഫ്.നീക്കം ഉപേക്ഷിച്ച് ബസ് സ്റ്റാൻഡായി തന്നെ ഗ്രൗണ്ട് നിലനിർത്തണമെന്നാണ് എൽ ഡി എഫിന്റെ ആവശ്യം.സേഫ്ടി കോണുകൾ സ്ഥാപിച്ച് ബുധനാഴ്ച്ച ഗ്രൗണ്ട് അളന്ന് തിരിക്കുമെന്നായിരുന്നു നഗരസഭാ അറിയിച്ചത്.എന്നാൽ എൽ ഡി എഫ് പ്രവർത്തകരും വ്യാപാരി സംഘടനാ പ്രതിനിധികളും ഗ്രൗണ്ടിൽ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ നഗരസഭാ ജീവനക്കാർ അളന്നുതിരിക്കാനായി എത്തിയില്ല.ബസ് സ്റ്റാൻഡ് പണം വാങ്ങിയുള്ള പാർക്കിംഗിന് വിട്ടു നൽകിയത് ദൗർഭാഗ്യകരമാണെന്ന് എൽ ഡി എഫ് വിമർശിച്ചു.സർവ്വകക്ഷിയോഗം വിളിക്കണമെന്ന എൽ ഡി എഫ് കൗൺസിലർമാരുടെ ആവശ്യം ഭരണസമിതി തള്ളിയത് കോൺഗ്രസ് അജണ്ട നടപ്പാക്കാനാണ്.വ്യാപാരി വിരുദ്ധ നിലപാടിൽ നിന്ന് നഗരസഭ പിന്നോട്ട് മാറും വരെ സമരം നടത്തുമെന്നും നേതാക്കളായ വി. ആർ സജി, എം സി ബിജു, ഷാജി കൂത്തോടിയിൽ, വി. എസ് അഭിലാഷ്, കെ പി സുമോദ്, ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ ,ടെസ്സിൻ കളപ്പുര,വ്യാപാര സംഘടനാ നേതാക്കളായ കെ. പി ഹസ്സൻ, രമണൻ പടന്നയിൽ എന്നിവർ പറഞ്ഞു.


• എസ് പിയ്ക്ക് നഗരസഭ പരാതി നൽകി

വാഹന പാർക്കിംഗിനായി ലേലം ചെയ്തു നൽകിയ പഴയ ബസ് സ്റ്റാൻഡ് അളന്നു തിരിക്കുന്നതിനായി നഗരസഭ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് കട്ടപ്പന പൊലീസിന്റെ നിലപാടിനെതിരെ ഇടുക്കി എസ്പി ക്ക് നഗരസഭാ ചെയർപേഴ്‌സൺ പരാതി കൈമാറി.പന്ത്രണ്ടാം തിയതി രാവിലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സെക്രട്ടറി രേഖാമൂലം കട്ടപ്പന സ്റ്റേഷനിൽ കത്ത് നൽകിയത്.എന്നാൽ സംരക്ഷണം നൽകാൻ അസൗകര്യം ഉണ്ടെന്ന് എസ് എച്ച് ഒ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇടുക്കി എസ് പി ആർ കറുപ്പ സ്വാമിയ്ക്ക് പരാതി നൽകിയത്. ലോക്കൽ പൊലീസിന്റെ പ്രതികൂല മറുപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണ സമിതി കുറ്റപ്പെടുത്തി. ഇരുമ്പ് പൈപ്പുകൾ പിഴുതുമാറ്റിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും ഭരണ സമിതി വ്യക്തമാക്കി.