കട്ടപ്പന : അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡായ ചേമ്പളം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.ഈ വാർഡിൽ നിന്നുള്ള പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനി നന്ദകുമാർ പഞ്ചായത്ത് മെമ്പർ സ്ഥാനമടക്കം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്.2021 നവംബർ 23നാണ് മിനി നന്ദകുമാർ രാജിവച്ചത്.വനിതാ സംവരണ വാർഡായ ചേമ്പളത്തേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ മാസം 20 മുതൽ 27 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന.ഏപ്രിൽ 30 ന് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.മെയ് 17ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ വോട്ടെടുപ്പും 18ന് രാവിലെ 10 മുതൽ വോട്ടെണ്ണലും നടക്കും. അയ്യപ്പൻകോവിലിന് പുറമേ
ഇടുക്കി ജില്ലയിൽ മറ്റ് 2 പഞ്ചായത്തുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളാന്താനം വാർഡിലും ഇടമലക്കുടി പഞ്ചായത്തിലെ ആണ്ടവൻകുടി വാർഡിലും മെയ് 17ന് തിരഞ്ഞെടുപ്പ് നടക്കും.