തൊടുപുഴ: പകൽ സമയത്തെ കടുത്ത ചൂടിൽ തളരുന്ന സാധാരണക്കാർക്ക് ആശ്വാസമായിരുന്ന നാരങ്ങാ വെള്ളംകുടിയും ഇനി മുട്ടും. കാരണം സാധാരണക്കാരെ പിഴിഞ്ഞ് ചെറുനാരങ്ങാ വില കുതിക്കുകയാണ്. ഇന്നലെ 170 രൂപയാണ് ഒരു കിലോ നാരങ്ങയുടെ വില. രണ്ടാഴ്ചക്കിടെ 100 രൂപയുടെ വില വർദ്ധനയാണ് ഉണ്ടായത്. ഒരു ചെറു നാരങ്ങയ്ക്ക് മാത്രം ഏകദേശം എട്ട് പത്ത് രൂപ വിലയായി. ഇന്ധനവില വർദ്ധനയും ഉത്പാദനം കുറഞ്ഞതുമാണ് ചെറുനാരങ്ങയുടെ വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മേട്ടുപാളയം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. വില കൂടിയതോടെ ബേക്കറി ഉടമകളും കൂൾഡ്രിങ്‌സ് വില്പനക്കാരും നാരങ്ങാവെള്ളത്തിന് വില അഞ്ച് രൂപയോളം ഒറ്റയടിക്ക് വർദ്ധിപ്പിച്ചു. പലയിടത്തും നാരങ്ങാ വെള്ളത്തിന് 10 രൂപയിൽ നിന്ന് 15 രൂപയായി.