മുട്ടം: റോഡരുകിലെ ഗർത്തത്തിൽ വീണ് വാഹനാപകടങ്ങൾ വർദ്ധിക്കുമ്പോഴും അധികൃർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. മുട്ടം ടൗണിനോട് ചേർന്ന് മൂലമറ്റം റൂട്ടിൽ തയ്യൽക്കാവ് ദേവീ ക്ഷേത്രത്തിന്റെ പ്രവോശന കവാടത്തിന് എതിർ വശത്തുളള റോഡരുകിലാണ് അപകടകരമായ ഗർത്തം. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന മുട്ടം മൂലമറ്റം റോഡിൽ ഇതോടെ കൂടുതൽ അപകടാവസ്ഥയിലായി.മഴ പെയ്ത് വെളളം കുത്തി ഒഴുകി റോഡിന്റെ വശങ്ങൾ കൂടുതൽ ഇടിയുന്നുമുണ്ട്. വാഹനങ്ങൾ ഇവിടെ അപകടത്തിൽ അകപ്പെടുന്നത് പതിവാണ്.എതാനും ദിവസങ്ങൾക്ക് മുൻപ് മൂലമറ്റം ഭാഗത്ത് നിന്ന് വന്ന തൃശൂർ സ്വദേശികളുടെ കാർ ഗർത്തത്തിൽ വീണ് അപകടത്തിൽപെട്ടിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് ഇരു ചക്ര വാഹന യാത്രക്കാരും വീണ് പരിക്ക് സംഭവിച്ചിരുന്നു. മൂലമറ്റം ഭാഗത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിലാകുന്നതും.