
തൊടുപുഴ: പ്രകൃതി ഒരുക്കിയ സ്വഭാവികമായ മഴക്കാഴ്ച്ചകളുടെ വശ്യമനോഹരമായ നിറക്കൂട്ടുകളാൽ സമ്പന്നമാണ് ഇടുക്കി. വേനലിന്റെ പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസമായി മഴ പെയ്തിറങ്ങുമ്പോഴും നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ കൂട്ടമായി എത്തുന്ന കാഴ്ച്ചയാണ് എങ്ങും കാണാൻ കഴിയുന്നത്. മഴയുടെ വന്യതയും മഞ്ഞിന്റെ തണുപ്പും അനുഭവിക്കാൻ ഇലവീഴാപൂഞ്ചിറയും സഞ്ചാരികളാൽ നിറയുകയാണ്. ഇടുക്കിയും കോട്ടയവും അതിര് പങ്കിടുന്ന ഇവിടം പേരുപോലെതന്നെ കാഴ്ച്ചയിലും അതി മനോഹരമാണ്. പുൽമേടുകളും വീശിയടിക്കുന്ന തണുത്ത കാറ്റും ഇടയ്ക്കിടെ പെയ്യുന്ന മഴയും പുകച്ചുരുളുകൾ പോലെ കാഴ്ച്ചകളെ മൂടുന്ന കോടമഞ്ഞും ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികളുടെ മനസു നിറയ്ക്കും.
മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. ട്രെക്കിങ്ങിൽ താല്പര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിതയും ഏറെ ആകർഷകമാണ്. മിന്നലും ഇടിയും കൂടുതൽ ബാധിക്കും എന്നതിനാൽ സന്ദർശകർക്ക് ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.
പുരാണത്തിലെ
പൂഞ്ചിറ
മഹാഭാരതവുമായി ബന്ധമുള്ള ഒരു ഐതീഹ്യം പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്ത് ഇവിടെ താമസിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ഭീമസേനൻ പാഞ്ചാലിയ്ക്കു കുളിയ്ക്കാനായി നിർമിച്ചു നൽകിയതാണ് ഇവിടുത്തെ ചിറ(കുളം) എന്നാണ് വിശ്വാസം.. ചിറയിൽ ഇല വീഴില്ല എന്നുള്ളത് കൊണ്ടാണ് കാലക്രമേണ ഇവിടം 'ഇലവീഴാപൂഞ്ചിറ' എന്ന് അറിയപ്പെടാൻ തുടങ്ങി. . പാഞ്ചാലി കുളിക്കുമ്പോൾ ചില ദേവന്മാർ ഇത് കണ്ടുനിൽക്കുമായിരുന്നെന്നും അവരുടെ കണ്ണിൽ നിന്നും പാഞ്ചാലിയെ മറയ്ക്കുന്നതിനായി ഇന്ദ്രൻ പുഷ്പങ്ങൾ നിറഞ്ഞ മരങ്ങൾ നിൽക്കുന്ന മൂന്നു മലകൾ ചിറയ്ക്കു ചുറ്റുമായി സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ഈ പുരാണ കഥയുടെ സാക്ഷ്യപത്രം പോലെ ഒരു ക്ഷേത്രവും
ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഇതാ ഇവിടെ
കോട്ടയത്തു നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്തിച്ചേരാം. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരമാണ്. തൊടുപുഴ മൂലമറ്റം റൂട്ടിൽ കഞ്ഞാറിൽ നിന്ന് തിരിഞ്ഞ് 7 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.