പീരുമേട്:കോടികളുടെ വികസനപ്രർത്തനങ്ങൾക്ക് അനുമതിയായി, എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പദ്ധതികൾ മുടങ്ങാൻ ഇടയാക്കുന്നു. പൊതുമരാമത്ത് ബിൽഡിങ് സ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെയാണ് വാഴൂർ സോമൻ എം.എൽ.എയുടെ .30 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുടങ്ങിയത്. 18 കെട്ടിടങ്ങളുടെ പണികൾ പൂർത്തിയാക്കാനായിട്ടില്ല. പീരുമേട് ഐ.എച്ച് ആർ.ഡി.കോളേജ്. കെട്ടിടം, കുട്ടിക്കാനം കെ. എ.പി. അഞ്ചാം ബറ്റാലിയൻ പാചകപ്പുര, കുമളി പോളി ടെക്‌നിക് കെട്ടിടം, പീരുമേട് റെസ്‌ക്യൂ ഷെൽട്ടർ ഹോം, പീരുമേട് താലൂക്ക് ആശുപത്രി പ്രസവ വാർഡ്, കുമളി റെസ്‌ക്യൂ ഷെൽട്ടർ ഹോം, പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ സകൂൾ കെട്ടിടം, ലൈബ്രറി കെട്ടിടം.കുമളി സർക്കാർ ആശുപത്രി കെട്ടിടം,ആശുപത്രി കോർട്ടേഴ്‌സ്, പിരുമേട് സബ് ജയിൽ ഓഫീസ് കെട്ടിടം എന്നിവയുടെ പണികളാണ് മുടങ്ങി കിടക്കുന്നത്. നിർമ്മാണത്തിനു മേൽനോട്ടം വഹിക്കേണ്ട ഓവർസീയർമാർ എട്ട് പേർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ബിൽഡിംഗ്‌സ് വിഭാഗത്തിലുള്ളത്. കരാർ എടുത്തവർ പണി ചെയ്യാൻ തയ്യാറായിട്ട് എത്തിയെങ്കിലും ഉദ്യോഗസ്ഥരില്ലാതെ ജോലികൾ യഥാസമയം തീർക്കാനാകുന്നില്ല. ചില പദ്ധതികളുടെ നിർമ്മാണം പൂർത്തിയായെങ്കിലും കരാറുകാർക്ക് ബില്ല് മാറി കൊടുക്കാനാകാത്തതു കൊണ്ട് കെട്ടിടങ്ങൾ കൈമാറിയിട്ടില്ല.
'കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ മാത്രമെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലക്കാൻ കഴിയൂ. ബിൽഡിംഗ്‌സ് വിഭാഗത്തിൽ ജീവനക്കാരില്ലാത്ത കാരണത്താൽ വികസന പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിമുഹമ്മദ് റിയാസിന് കത്ത് നൽകിയിട്ടുണ്ട്. '
വാഴൂർ സോമൻ എം.എൽ.എ