ചെറുതോണി: മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളിലെ കുടിയേറ്റ കർഷകരെ റീബിൾഡ് കേരള പദ്ധതിയിൽപ്പെടുത്തി കുടിയിറക്കാനുള്ള പദ്ധതിയിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തിനെതിരെ പ്രതിഷേധം. ഇപ്പോൾ അഞ്ചുസെന്റുള്ളയാളിനും ആറേക്കർ സ്ഥലമുള്ളയാളിനും ഒരേ നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപ്രകാരമുള്ള അപേക്ഷ നൽകിയാൽ ആദ്യം ഏഴര ലക്ഷം രൂപ അക്കൗണ്ടിലൂടെ നൽകും. ഈ തുക നടപടി പൂർത്തിയാക്കാതെ പിൻവലിക്കാൻ കഴിയുകയില്ല. ഈ തുക അക്കൗണ്ടിൽ വന്നാൽ വീടുപൊളിച്ചുമാറ്റി സ്ഥലം കൈമാറുമ്പോൾ ബാക്കി തുക കൂടി നൽകുമെന്നാണ് പറയുന്നത്. എന്നാൽ തുക എന്നു നൽകുമെന്നുറപ്പില്ല. ഇവിടെയുള്ള ആദിവാസികളുൾപ്പെടെയുള്ള 90 ശതമാനം ആളുകൾക്കും പട്ടയം നൽകിയിട്ടുണ്ട്. അഞ്ചു സെന്റ് മുതൽ ആറേക്കർ വരെയുള്ളവർ കൃഷി ഭൂമിയിൽ തെങ്ങ്, റബർ, ജാതി കൊക്കോ, കുരുമുളക്, ഏലം മുതലായ കൃഷികളും തന്നാണ്ടു വിളകളായ വാഴ, കപ്പ, ചേന, ചേമ്പ് മുതലായവയും കൃഷി ചെയ്യുന്നുണ്ട്. വന്യ മൃഗങ്ങളോട് പൊരുതി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പട്ടിണിയും ദാരിദ്രവും സഹിച്ച് ഒരുവിധം ജീവിക്കാനുള്ള സാഹചര്യമെത്തിയപ്പോൾ അർഹമായ ആനുകൂല്യം നൽകാതെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കർഷകർ പറയുന്നു. ആറേക്കർ ഭൂമിയുള്ള കർഷകന് ഇന്നത്തെ വിലനിലവാരമനുസരിച്ച് ആറു കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതാണ് എന്നാൽ സർക്കാർ അഞ്ചു സെന്റിനും ആറേക്കറിനും ഒരേ തുകയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 50 സെന്റിൽ താഴെയുള്ള കർഷകർ 15 ലക്ഷം വാങ്ങി പോകുവാൻ തയ്യാറാണ് എന്നാൽ 50 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർ ഒഴിവകാൻ തയ്യാറല്ല. ഇടുക്കി ജില്ലയിൽ ഇപ്പോൾ റീബിൾഡ് കേരളയിൽപ്പെടുത്തി മറയൂർ ഭാഗത്ത് കുടിയിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിട്ടില്ല.

അർഹമായ

നഷ്ടപരിഹാരം വേണം

കൈതപ്പാറ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 15ാം വാർഡാണ്. ത്രിതലപഞ്ചായത്തുകൾ ഇവിടെ ഫണ്ടുകൾ നൽകിയിട്ടുമുണ്ട്. ഈ പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടശേഖര സമിതിയും പ്രവർത്തിക്കുന്നുണ്ട്. രണ്ടു തലമുറകളിലായി അദ്ധ്വാനിച്ച് ഭൂമിയിൽ നിന്നു വരുമാനം ലഭിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് അർഹമായ നഷ്ടപരിഹാരം നൽകാതെ വസ്ഥു ഏറ്റെടുക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭൂമി ഏറ്റേടുക്കുകയാണെങ്കിൽ തങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്ന് കർഷകരാവശ്യപ്പെടുന്നു. നിലവിലെ ഉത്തരവിനെതിരെ കർഷകർ എം.പി, എം.എൽ.എ എന്നിവർക്കും സർക്കാരിനും പരാതി നൽകിയിട്ടുണ്ടെന്ന് കർഷക പ്രതിനിനിധിയായ വക്കച്ചൻ നെടുമരുതുംചാലിൽ അറിയിച്ചു