നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ശസ്ത്രക്രിയകൾക്ക് അനസ്‌തെറ്റിസ്റ്റിന്റെ സേവനവസ്‌കാനിംഗ് മിഷ്യൻ പ്രവർത്തിപ്പിക്കാൻ റേഡിയോളജിസ്റ്റും ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്കു കാരണമായത്. ഒരു വർഷത്തോളമായി ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയ സ്‌കാനിംഗ് മിഷ്യൻ പ്രവർത്തിപ്പിക്കാൻ ആരെയും നിയമിച്ചിട്ടില്ല. ഇത് മൂലം ഇവിടെയെത്തുന്ന രോഗികൾക്ക് കട്ടപ്പന, അടിമാലി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്നു.. ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസവസംബന്ധമായ എല്ലാ കേസുകളും അനസ്‌തെറ്റി സ്റ്റിന്റെ അഭാവത്തിൽ അഡ്മിറ്റ് ചെയ്യുന്നത് അടിയന്തിരമായി നിർത്തിവെക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് താലൂക്കാശുപത്രി സൂപ്രണ്ട് സർക്കുലറും ഇറക്കി.
ഇതെല്ലാം തന്നെ ഇവിടുത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.
സ്ഥിരം അനസ്‌തെസ്റ്റിന്റെ സേവനം ലഭിക്കാത്തതിനാൽ പ്രസവ ശസ്ത്രക്രിയക്ക് പല ബുദ്ധിമുട്ടുകളും ഡോക്ടർമാർ നേരിട്ടിരുന്നു. പിഴവ് സംഭവിച്ചാൽ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ആപത്ത് സംഭവിക്കും. ഇതിനാൽ പ്രസവ ശസ്ത്രക്രിയകൾ നിർത്തിവെക്കണമെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡി.എം.ഒ.ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് അനസ്‌തെറ്റിസ്റ്റിനെ നിയമിക്കാൻ യാതൊരു നടപടികളും എടുത്തിട്ടില്ല. റേഡിയോളജിസ്റ്റിനെ ലഭ്യമല്ലായെന്ന വാദമാണ് സ്‌കാനിംഗ് മിഷ്യൻ പ്രവർത്തിക്കാത്തതിന്റെ കാരണമായി പറയുന്നത്.