കട്ടപ്പന: മേട്ടുക്കുഴിക്ക് സമീപം കാവുംപടിയിൽ സ്വകാര്യ ടെലികോം കമ്പനിയുടെ ടവർ നിർമ്മാണം നിർത്തിച്ചു. മൊബൈൽ ടവർ സ്ഥാപിക്കുന്ന സ്ഥലത്ത് അനുമതിയില്ലാതെ പാറപൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കട്ടപ്പന വില്ലേജ് ഓഫീസറുടെ നടപടി. കഴിഞ്ഞ ദിവസം കട്ടപ്പന നഗരസഭയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വീണ്ടും പാറ പൊട്ടിക്കാൻ ശ്രമം നടത്തിയത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കട്ടപ്പന വില്ലേജ് ഓഫീസർ ജയ്‌സൺ ജോർജ് നേരിട്ടെത്തി അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നിർത്തിവെപ്പിച്ചത്. അനുമതി ഇല്ലാതെയുള്ള നിർമ്മാണം നിറുത്തി വയ്ക്കണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടും കഴിഞ്ഞ ദിവസം പാറപൊട്ടിക്കാൻ യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വില്ലേജ് ഓഫീസർ വിഷയത്തിൽ ഇടപെട്ടത്. നിർമ്മാണം നടത്തരുതെന്ന് കാട്ടി ചൊവ്വാഴ്ച സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. രണ്ട് വർഷം മുമ്പാണ് കാവുംപടി സ്വദേശി സ്വകാര്യ ടെലികോം കമ്പനിയ്ക്ക് ടവർ നിർമ്മിക്കാൻ അമ്പലക്കവല- മാലി റോഡിനോട് ചേർന്നുള്ള സ്ഥലം പാട്ടത്തിന് നൽകിയത്. എന്നാൽ ടവർ നിർമ്മാണത്തിന്റെ പേരിൽ വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ അടുത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നെന്നായിരുന്നു പ്രധാന പരാതി. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പരിസ്ഥിതി ദുർബല പ്രദേശത്താണ് പാറ ഖനനം നടത്തുന്നതെന്ന പരാതിയും ഇതിനിടെ ഉയർന്നുവന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാറ പൊട്ടിക്കാൻ നഗരസഭയിൽ നിന്ന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് നഗരസഭ സെക്രട്ടറി അന്ന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. സ്റ്റോപ് മെമ്മോ ലഭിച്ചതിന് ശേഷവും പലതവണ നിർമ്മാണം നടത്താൻ ഇതിനിടെ ടെലികോം കമ്പനി ശ്രമം നടത്തുകയും ചെയ്തു. ഇതിനെതിരെ വീണ്ടും നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് ഏപ്രിൽ ആദ്യം നഗരസഭ എൻജിനിയറിംഗ് വിഭാഗം വീണ്ടും സ്റ്റോപ് മെമ്മോ നൽകിയത്. ഇത് അവഗണിച്ചാണ് ജാക്ക് ഹാമർ പോലുള്ള യന്ത്രങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും എത്തിച്ചത്.
യാതൊരു അനുമതിയുമില്ല
വാണിജ്യ ആവശ്യങ്ങൾക്ക് പാറ പൊട്ടിക്കുന്നതിനും മണ്ണെടുക്കുന്നതിനും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റേതടക്കം അനുമതി ആവശ്യമുണ്ട്. എന്നാൽ ഇവിടെ സ്ഥലമുടമയോ ടെലികോം കമ്പനിയോ യാതൊരു അനുമതിയും വാങ്ങിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ഉരുൾപൊട്ടലുണ്ടായ മേഖല
2018 ലെ മഹാപ്രളയത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായ മലയുടെ മറ്റൊരു ഭാഗത്താണ് സ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് ടവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.