നെടുങ്കണ്ടം: എൻ.സി.പിയുടെ റീജിയണൽ ഓഫീസ് ഉദ്ഘാടനവും ജില്ലാ നേതൃസംഗമവും 18ന് നെടുങ്കണ്ടത്ത് നടക്കും. എൻ.സി.പി കേരളത്തിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജില്ലാ, ബ്ലോക്ക് കമ്മറ്റി ഓഫീസുകൾ ആരംഭിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ നെടുങ്കണ്ടത്ത് റീജിയണൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഓഫീസ് ഉദ്ഘാടനവും തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനവും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിർവ്വഹിക്കും. ജില്ലയിലെ 52 പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും രണ്ട് നഗരസഭാ മണ്ഡലം പ്രസിഡന്റുമാരും ജില്ലാ- നിയോജക മണ്ഡലം പ്രസിഡന്റുമാരും പാർട്ടിയുടെ പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിൾ അദ്ധ്യക്ഷത വഹിക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജന. സെക്രട്ടറിമാരായ കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂവപ്ലാക്കൽ, പി.വി. അജ്മൽ തുടങ്ങിയവർ പങ്കെടുക്കും.