adimali
സിവിൽസപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് അടിമാലിയിൽ പരിശോധന നടത്തി

ഇടുക്കി: ഈസ്റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായി അമിതവില ഈടാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി സിവിൽസപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് അടിമാലി മേഖലയിലെ വ്യാപാരശാലകളിൽ പരിശോധന നടത്തി. അടിമാലി മാർക്കറ്റ് പരിസരത്തുനിന്നായിരുന്നു പരിശോധന ആരംഭിച്ചത്. പഴം, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ, മത്സ്യ, മാംസ വിൽപ്പനശാലകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലൊക്കെയും സംഘം പരിശോധനയ്ക്കായെത്തി. കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്ക് പരിശോധന സംഘം മുന്നറിയിപ്പ് നൽകി. അമിതവില ഈടാക്കുന്നവർക്ക് ആദ്യഘട്ടത്തിൽ താക്കീത് നൽകുമെന്നും ആവർത്തിച്ചാൽ തുടർ നടപടികളിലേക്ക് പോകുമെന്നും പരിശോധനാസംഘം അറിയിച്ചു. സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും നടന്നത്. കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ മേഖലകളിലും സംഘം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ മൂന്നാറടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന നടക്കുമെന്നും റംസാൻ വരെ പരിശോധന തുടരുമെന്നും ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ സുരേഷ് വി, റേഷനിംഗ് ഇൻസ്‌പെക്ടർ ജയൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.