തൊടുപുഴ: മോട്ടോർ, പൊലീസ് വകുപ്പ് അധികൃതരെ കബളിപ്പിച്ച് റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറുതും വലുതുമായ വാഹനാപകടങ്ങൾ പ്രധാനമായും സംഭവിക്കുന്നത് അമിത വേഗതയും ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങുമാണെന്ന് മോട്ടോർ ,പൊലീസ് വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ ഇത് സംഭന്ധിച്ച് വ്യക്തമായി അറിയാമെങ്കിലും അമിത വേഗത്തിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചും വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് ഹരമാക്കുകയാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പത്തരം പ്രവണത ഏറിവരുകയാണ്.
അധികൃതർ റോഡിൽ വാഹന പരിശോധന നടത്തുമ്പോൾ ഇവരുടെ കണ്ണ് വെട്ടിച്ച് പോകാണാനാണ് വാഹനങ്ങളിൽ എത്തുന്ന ഏവരുടെയും ശ്രമം. റോഡിൽ വാഹനം നിർത്താൻ അധികൃതർ ആവശ്യപ്പെട്ടാൽ അവരെ മറി കടന്ന് അമിത വേഗത്തിൽ വാഹനങ്ങൾ പായിക്കാനാണ് ചിലർക്ക് താല്പര്യം. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തൊടുപുഴ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും പതിവാണ്. നിയമ വിരുദ്ധമായിട്ടുള്ള വാഹനങ്ങളെ പിടി കൂടാൻ വണ്ണപ്പുറം റൂട്ടിൽ വാഹന പരിശോധന കർക്കശമാക്കിയതിനെ തുടർന്ന് ജനങ്ങൾ പരാതിയുമായി രംഗത്ത് വന്ന സംഭവങ്ങളും അടുത്ത നാളിലുണ്ടായിട്ടുണ്ട്. റോഡിൽ വാഹന പരിശോധനയുണ്ടെന്ന് ദൂരെ നിന്ന് അറിയുന്നവർ പരിശോധന കഴിയുന്നത് വരെ റോഡരുകിൽ വാഹനങ്ങൾ ഒതുക്കി പാർക്ക് ചെയ്യും. മറ്റ് ചിലർ ഇട വഴികളിലൂടെയും കടന്ന് കളയും.
നിയമ വിരുദ്ധ
വാഹനങ്ങൾ വ്യാപകം
യമ വിരുദ്ധമായി റോഡിലിറങ്ങുന്ന വാഹന ഉടമകളിൽ നിന്ന് പിഴ ഇനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ തൊടുപുഴ യൂണിറ്റിനും ഇടുക്കി എൻഫോഴ്‌സ്‌മെന്റ് യൂണീറ്റിനും ഓരോ ആഴ്ച്ചയിലും ലക്ഷങ്ങളാണ് ലഭിക്കുന്നത്. പൊലീസ് വകുപ്പിന് വേറെയും. അടുത്ത നാളിൽ പൊലീസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ തൊടുപുഴ നഗരത്തിലെ വിവിധ റോഡുകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞ് 3 മണിക്കൂർ നടത്തിയ മിന്നൽ പരിശോധനയിൽ ആറ്‌ലക്ഷത്തിലേറെ രൂപയാണ് പിഴ ഇനത്തിൽ വാഹന ഉടമകളിൽ നിന്ന് അടപ്പിച്ചത്. ഇതിൽ 395 കേസുകൾഹെൽമറ്റ് ധരിക്കാത്തതാണ്. വാഹനം ഓടിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കൽ, പിൻ സീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാത്തത്, ഹെൽമെറ്റ് സ്ട്രാപ്പ് ശരിയായവിധം ഉയോഗിക്കാത്തത്, അമിത വേഗത, ലഹരി ഉപയോഗിച്ച് ഡ്രൈവിംഗ്, വാഹനങ്ങളിൽ രേഖകൾ ഇല്ലാത്തത്, വാഹനങ്ങളിലെ രൂപ വ്യത്യാസം, റജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കാത്തത്, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഘടിപ്പിച്ചത്, 9 വാഹനങ്ങളും, ലൈസൻസില്ലാതെ വാഹനം ഓടിച്ചത്, എന്നിങ്ങനെ സംഭവങ്ങളിലാണ് പിഴ അടപ്പിച്ചത്. നിയമ വിരുദ്ധമായി റോഡിൽ ഇറക്കുന്ന വാഹനങ്ങളെയും ഡ്രൈവർമാരെയും കണ്ടെത്താൻ അത്യാധുനിക ക്യാമറകൾ വിവിധ റോഡ് പ്രദേശങ്ങളിൽ അടുത്ത നാളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില വിരുതന്മാർ അതിനേയും കബളിപ്പിക്കുന്നുണ്ടെന്ന് ജനം പറയുന്നു.