ചെറുതോണി: ഏലം കൃഷിയിൽ അമിതമായ കീടനാശിനി പ്രയോഗവും കൃത്രിമ നിറം ചേർക്കലും ഒഴിവാക്കാൻ സർക്കാരും കൃഷിവകുപ്പും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെന്ന് കേരളാ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ബോധവത്കരണ സെമിനാറിന്റെ പേരിൽ പണം ചെലവഴിക്കപ്പെടുമ്പോൾ യഥാർത്ഥ ഏലം കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ കർഷക വികസന സമിതിയംഗം കൂടിയായ വർഗീസ് അഭ്യർത്ഥിച്ചു. മാരക കീടനാശിനികൾ കമ്പോളത്തിൽ എത്താതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണം. ഏലത്തിന് 1500 രൂപയെങ്കിലും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.