വണ്ണപ്പുറം: വില്ലേജ് ഓഫീസിൽ പൂർണ്ണ ചുമതലയുള്ള വില്ലേജ് ഓഫീസറെ ഉടൻ നിയമിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി അറിയിച്ചു. വില്ലേജ് ഓഫീസറില്ലാത്തതിനാൽ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സ്ഥലം പോക്കുവരവ് ചെയ്യാനാകുന്നില്ല. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും വില്ലേജ് ഓഫീസറില്ലെന്ന കാരണത്താൽ നിരസിക്കുകയാണ്. പുതിയതായി ചുമതലയേറ്റയാൾ ദീർഘ അവധിയെടുത്ത് പോയതാണ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണം. പട്ടയക്കുടി,​ പുളിക്കത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേനെ ഓരോ ആവശ്യങ്ങൾക്കെത്തുന്നവർ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ മടങ്ങുകയാണെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി. ശിവൻ, അഡ്വ. ആൽബർട്ട് ജോസ്,​ അനീഷ് കിഴക്കേൽ,​ കെ.എം സുരേഷ്,​ അബ്ബാസ് മീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.