നെടുങ്കണ്ടം: തൂക്കുപാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മാലിന്യങ്ങൾ കുന്നുകൂടുന്നതായി പരാതി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന രീതിയിലാണ് ഔട്ട്‌ലെറ്റിന്റെ സമീപ പ്രദേശങ്ങളെന്നാണ് ആക്ഷേപം. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടംകോളനി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തി. ദിവസേന അഞ്ഞൂറിനും ആയിരത്തിനും ഇടയിലുള്ള ഉപഭോക്താക്കളാണ് തൂക്കുപാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തുന്നത്. ഇവരിൽ പലരും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നത് സമീപ പ്രദേശങ്ങളിലാണ്. സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് 200 മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ, പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, മനുഷ്യ വിസർജ്യം എന്നിവ കണ്ടെത്തി. പലതരത്തിലുള്ള മാലിന്യങ്ങൾ അടുത്തിടെ പെയ്ത മഴയിൽ ചീഞ്ഞളിയുകയും സമീപപ്രദേശങ്ങൾ വൃത്തിഹീനമാകുകയും ചെയ്തിട്ടുണ്ട്. പൊതുവഴിക്ക് സമീപമുള്ള തുറസായ പ്രദേശത്തെ കമ്പിവേലി തകർത്ത് ഉപഭോക്താക്കളിൽ പലരും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതായും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിന് സമീപം പൊതുസ്ഥലത്ത് മദ്യപൻമാർ കൂട്ടംകൂടിനിന്ന് മദ്യപിക്കുന്നതും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവാണ്. തുടർന്ന് ബിവറേജസ് അധികൃതരോട് പ്രദേശത്ത് ശൗചാലയം നിർമ്മിക്കണമെന്ന് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് പട്ടംകോളനി മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. ശൗചാലയം നിർമ്മിക്കാൻ ബെവ്‌കോ മാനേജർക്ക് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.