കോളപ്ര: ഏഴാംമൈൽ അമ്പലംകുന്ന് പഴേപുരയ്ക്കൽ കോളനിയിലേക്കുള്ള റോഡിൽ മാലിന്യം തള്ളി. കഴിഞ്ഞ ദിവസം അമ്പലംകുന്ന് ഭാഗത്ത് തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ സഹായത്തോടെ നീക്കിയിരുന്നു. പ്രദേശത്ത് തന്നെയുള്ള പഴേപുരയ്ക്കൽ കോളനിയിലാണ് മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ ഇന്നലെ രാവിലെ കണ്ടത്. ഒരു പ്രദേശത്ത് മാലിന്യം തള്ളിയതിനു ശേഷം പരാതി ഉയരുമ്പോൾ അവിടെ നിന്ന് ചാക്കിൽ കെട്ടിയ മാലിന്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടുകയാണ്. മാലിന്യം പൊതുസ്ഥലത്ത് ഇടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.