thakkadi
തേക്കടി പുഷ്പമേളയിൽ നിന്ന്‌

പീരുമേട്: വിഷുവും മംഗളാ ദേവീ ക്ഷേത്രോത്സവവും തേക്കടി പുഷ്പമേളയുമെല്ലാം കൂടിയെത്തിയപ്പോൾ ഉത്സവപ്രതീതിയിൽ കുമളി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാൾ നിർജീവമായിരുന്ന കുമളിയിലെ വ്യാപാര മേഖല ഉണർന്നു. വിനോദ സഞ്ചാര മേഖലയും ഉയിർപ്പിലാണ്. വ്യാഴവും വെള്ളിയും അവധിയായിരുന്നെങ്കിലും കുമളി പട്ടണത്തിന് ഉത്സവ തിരക്കായിയിരുന്നു. വിഷു പ്രമാണിച്ച് ശബരിമല അയ്യപ്പ ഭക്തരുടെ നല്ല തിരക്കുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ മംഗളാ ദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഉത്സവ തിരക്ക്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മംഗളാ ദേവി ക്ഷേത്രം ഉത്സവത്തിനായി തുറന്നപ്പോൾ ഇത്തവണ ആയിരങ്ങളാണ് ദർശനത്തിനെത്തിയത്. കുമളി ടൗണിൽ എത്തിയിട്ട് വേണം ടാക്‌സിയിൽ മംഗളാ ദേവിക്ക് പോകാൻ. തേക്കടി പുഷ്പമേളയ്ക്കും ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. നൂറ് കണക്കിനാളുകളാണ് പുഷ്പമേള കാണാനെത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് ദിവസവും നൂറുകണക്കിന് പേരാണ് തേക്കടി പുഷ്പമേള കാണാൻ എത്തുന്നത്. കുമളി ഗ്രാമ പഞ്ചായത്തും തേക്കടി അഗ്രികൾച്ചറൽ സൊസൈറ്റിയും മണ്ണാറത്തറ നഴ്‌സറിയും ചേർന്നാണ് 14-ാത് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. 200 വ്യത്യസ്ത ഇനങ്ങളിലായി ഒരുലക്ഷം ചെടികളുടെ പ്രദർശനവും പുഷ്പമേളയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും ഉണ്ട്. പരിപാടിയുടെ വിജയത്തിനായി കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ചെയർപേഴ്‌സനും ടി.ടി. തോമസ് ജനറൽ കൺവീനറും മണ്ണാറത്തറ ഷാജി ഉപജനറൽ കൺവീനറായുമാണ് പ്രവർത്തനം നടത്തുന്നത്.