കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
നെടുങ്കണ്ടം: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വിറ്റ കടകൾക്കെതിരെ നടപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. നെടുങ്കണ്ടം തൂക്കുപാലത്ത് പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തതും കറി കഴിച്ചവർക്ക് വയറുവേദനയുമുണ്ടായ സംഭവത്തിലാണ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയത്. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തൂക്കുപാലത്തെ മീൻകടകളിൽ നിന്ന് വാങ്ങിയ അയല ഉൾപ്പെടെയുള്ള പച്ചമീനിന്റെ അവശിഷ്ടങ്ങൾ തിന്ന വളർത്ത് പൂച്ചകൾ ചത്തതായും മത്സ്യങ്ങൾ കഴിച്ചവർക്ക് വയറ് വേദന അനുഭവപ്പെട്ടെന്നും കേരള കൗമുദിയടക്കമുള്ല മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് മന്ത്രിയുടെ നടപടി. തൂക്കുപാലം സ്വദേശി സന്തോഷ് കുമാർ കല്ലാർ പട്ടം കോളനി മെഡിക്കൽ ഓഫീസർക്ക് പരാതിയും നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തൂക്കുപാലം, നെടുങ്കണ്ടം, മുണ്ടിയെരുമ, പുറ്റടി എന്നീ മേഖലകളിൽ ഇന്നലെ ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി പരിശോധന നടത്തി. ഉടുമ്പൻചോല ഭക്ഷ്യസുരക്ഷ ഓഫീസർ ആൻമേരി, ഫീഷറിസ് എക്‌സ്റ്റൻഷൻ ഓഫീസർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ മേഖലകളിലെ മത്സ്യവിൽപ്പന സ്റ്റാളുകളുകളിൽ നിന്ന് ലഭിച്ച മത്സ്യങ്ങളുടെ സാമ്പിളുകൾ ലാബോറട്ടിയിലേയ്ക്ക് അയച്ച് നൽകി. പരിശോധനയിൽ കുറ്റകരമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും കേടാവാതിരിക്കാൻ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടായോയെന്ന് അറിയുന്നതിനായി കടകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചതായും ഇടുക്കി ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ പറഞ്ഞു. എന്നാൽ മുൻകൂട്ടി അറിയിപ്പു നൽകിയിട്ട് നടത്തുന്ന പരിശോധനകൾ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ല ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇരട്ടയാറിന്റെ പരിസരപ്രദേശങ്ങളിലും സമാനരീതിയിലുള്ല സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.