കൂടുതൽ സമയം ചോദിച്ച് ജില്ലാ ഭരണകൂടം
തൊടുപുഴ: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി 45 ദിവസത്തിനകം അർഹരായവർക്ക് പകരം പട്ടയം നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപടികൾ എങ്ങുമെത്തിയില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് ഒരുവിധം പൂർത്തിയായത്. ബാക്കി അഞ്ച് വില്ലേജുകളിലേത് അവശേഷിക്കുകയാണ്. പട്ടയം റദ്ദാക്കി അർഹരായവർക്ക് പുതിയത് നൽകുന്നതിന് നാല്പതിലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടും വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ഇതോടെ നിശ്ചയിച്ച തീയതിക്കുള്ളിൽ സങ്കീർണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക അപര്യാപ്തമാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക് പകരം പട്ടയം കിട്ടാൻ വൈകുമെന്ന് ഏറെക്കുറെ ഉറപ്പായി. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയ നടപടികൾ വൈകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ.
1971ന് മുമ്പ് കുടിയേറിയവർക്കാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്. പട്ടയം റദ്ദാക്കപ്പെടുന്നവർ 1971ന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയത്തിന്റെ നിയമസാധുത ചോദ്യമായി അവശേഷിക്കുമ്പോഴും ഇത് ഈടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്. 24 വർഷം മുമ്പ് നൽകിയ പട്ടയം ക്രമവത്കരിച്ച് നൽകുമെന്ന പ്രതീക്ഷയിൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവനമാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിലുള്ള ചിലർക്ക് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിൽ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരംഅടയ്ക്കാനും നിർമാണപ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും.
ഉത്തരവിറങ്ങിയിട്ട് മൂന്ന് മാസം
ജനുവരി 19നാണ് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ജില്ലാ കളക്ടർക്ക് അഡീ. ചീഫ് സെക്രട്ടറി നൽകുന്ന ഉത്തരവിൽ പറയുന്നത്. 1998ൽ ഒമ്പത് വില്ലേജുകളിലായി 530 പേർക്കാണ് ദേവികുളം അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയം നൽകിയത്. ഈ പട്ടയം ലഭിച്ചവരിൽ ഏറെയും സാധാരണക്കാരായിരുന്നു. എന്നാൽ പലരും ഈ ഭൂമി വൻകിടക്കാർക്ക് വിൽപന നടത്തി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതോടെ ഈ ഭൂമിയുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാകും. അപേക്ഷ നൽകുമ്പോൾ അർഹരായവർക്ക് പുതിയ പട്ടയം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഏറെ കാലതാമസമെടുക്കും.
'മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് പൂർത്തിയായത്. കുഞ്ചിത്തണ്ണിയിൽ ഇനിയും ബാക്കിയുണ്ട്. മറ്റ് വില്ലേജുകൾ കൂടി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമുണ്ട്. അതുകൊണ്ടാണ് ജില്ലാ ഭരണകൂടം സമയം നീട്ടി ചോദിക്കുന്നത്."
-ജില്ലാ കളക്ടർ ഷീബാ ജോർജ്