തൊടുപുഴ: പാൽ വിലയും ഇൻസെന്റീവും അവശ്യ മരുന്നുകളുടെ ലഭ്യതയും വർദ്ധിപ്പിച്ച് കർഷകരെ സംരക്ഷിക്കണമെന്ന് കെ.ജി.ഒ.എഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്പാദന ക്ഷമത വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ ഫാമുകളെ കൂടുതൽ ജനസേവനത്തിന് പ്രാപ്തമാക്കണമെന്നും കൃഷി വകുപ്പിൽ വളം/കീടനാശിനി ക്വാളിറ്റി കോൺട്രോളിന് വേണ്ടി ജില്ലയ്ക്ക് മാത്രമായി ഒരു സ്‌ക്വാഡ് രൂപീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. തൊടുപുഴ ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും നട്ടംതിരിയുന്ന പൊതുജനത്തെ സഹായിക്കാൻ കേരള സർക്കാർ നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഗസറ്റഡ് ജീവനക്കാർ തങ്ങളാൽ ആവും വിധമുള്ള പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി നിഷാന്ത് എം. പ്രഭ (ജില്ലാ പ്രസിഡന്റ്), ആനന്ദ് വിഷ്ണു പ്രകാശ് (ജില്ലാ സെക്രട്ടറി), അബ്ദുൾ ഫത്ത (ജില്ലാ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.