മുട്ടം: വിഷു, ഈസ്റ്റർ ദിവസങ്ങളിൽ മലങ്കര ഹബ്ബിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് . വിഷു ദിവസം മുതൽ ഇന്നലെ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ 3000 ൽപരം ആളുകളെത്തിയതായാണ് കണക്കാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേം മഴ പെയ്‌തതിനെ തുടർന്ന് കൂടുതൽ ആളുകൾ ഇവിടേക്ക് എത്താൻ തടസമായി. വാഗമൺ, ഇല്ലിക്കകല്ല്, മൂന്നാർ, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്. കുട്ടികളുടെ പാർക്ക്, മലങ്കര അണക്കെട്ട് സന്ദർശനം, പ്രകൃതിയുടെ മനോഹരമായ കാഴ്ച്ച എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെങ്കിലും സഞ്ചാരികൾ കൂട്ടത്തോടെയാണ് മലങ്കരയിലേക്ക് എത്തുന്നത്. ഇവിടെ എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഘുഭക്ഷണം കഴിക്കാൻ പോലും സൗകര്യം ഒരുക്കാത്തതിനാൽ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ഹബ്ബിന്റെ ഭാഗമായി ബോട്ട് സർവീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് ടൂറിസം- ജലവിഭവ വകുപ്പ് അധികൃതരെ പ്രദേശവാസികൾ നിരവധി പ്രാവശ്യം സമീപിച്ചെങ്കിലും നടപടികൾ ആയിട്ടില്ല. ഇത് സംബന്ധിച്ചുള്ള ഫയൽ സംസ്ഥാന ടൂറിസം മന്ത്രിയുടെ ഓഫീസിൽ എത്തിയെങ്കിലും തുടർ നടപടികൾ സ്തംഭിച്ചു. മലങ്കര ഹബ്ബിൽ ബോട്ട് സർവീസ്, ലഘു ഭക്ഷണ ശാല എന്നിവ ഉടൻ പ്രാവർത്തികമാ ക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം, ജലവിഭവ വകുപ്പ് അധികൃതരെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ.