തൊടുപുഴ: 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു (51), പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൻ (50) എന്നിവരെ ചോദ്യം ചെയ്യാനാണ് പോക്‌സോ പ്രത്യേക കോടതിയുടെ അനുമതി തേടിയത്. കേസിലെ ഒന്നാം പ്രതി രഘുവാണ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സ്ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ പി.ബി. വാഹിദ ആവശ്യപ്പെട്ടു. പ്രതികളെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടിൽ വച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് പ്രതികളെ കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അഡിഷണൽ സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ രണ്ട് പ്രതികളെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ അമ്മയടക്കം ഇത് വരെ എട്ട് പ്രതികൾ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ ജോലിക്കെന്ന വ്യാജേന ആലുവയിലെത്തിച്ച് ലോഡ്ജ് മുറിയിൽ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ ഏഴ് കേസുകൾ തൊടുപുഴ പൊലീസെടുത്തിട്ടുണ്ട്.